സഞ്ചാരികളെ ആകർഷിച്ച് ഇടുക്കി എന്ന മിടുക്കി; രണ്ട് ദിവസത്തിനുള്ളിൽ ഇടുക്കിയിലേക്ക് എത്തിയത് അമ്പതിനായിരത്തിൽ അതികം സഞ്ചാരികൾ
ഇടുക്കി : ക്രിസ്തുമസ് -പുതുവത്സര അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. രണ്ട് ദിവസത്തിനുള്ളിൽ ഇടുക്കിയിലേക്ക് എത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം അമ്പതിനായിരത്തിലധികം. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇടുക്കി അണക്കെട്ടും വാഗമണ്ണും രാമക്കൽമേടും തുടങ്ങി വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ സഞ്ചാരി പ്രവാഹം ആണ്.
ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് വാഗമൺ മൊട്ടക്കുന്നുകളിലേക്കാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനായിരത്തിലധികം വിനോദ സഞ്ചാരികൾ ആണ് വാഗമണ്ണിലേക്ക് എത്തിയത്.കൂടാതെ പാഞ്ചാലിമേട്, അരുവിക്കുഴി, ഇടുക്കി ഹിൽവ്യൂ പാർക്ക്, കാൽവരിമൌണ്ട് തുടങ്ങിയിടങ്ങളിലേക്കും നിരവധി ആളുകൾ എത്തിച്ചേരുന്നുണ്ട്.
പുതുവത്സരത്തോടനുബന്ധിച്ച് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം മുറികളുടെ ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. വരും ദിവസങ്ങളിലും തിരക്കു വർധിക്കും എന്നാണ് കണക്ക്കൂട്ടൽ. പുതുവത്സരം ആഘോഷിക്കാൻ സഞ്ചാരികളും സഞ്ചാരികളെ വരവേൽക്കാൻ ഇടുക്കിയും ഒരുങ്ങി കഴിഞ്ഞു…