ഓർമകളിൽ സ്റ്റീവ് ഇർവിൻ…
കാക്കി ഷർട്ടും നിക്കറും ധരിച്ച്, യാതൊരു പേടിയുമില്ലാതെ, അപകടകാരികളായ മുതലകൾക്കും പാമ്പുകൾക്കും പിന്നാലെ പായുന്ന സ്റ്റീവ് ഇർവിനെ മൃഗസ്‌നേഹികൾ മറന്നിട്ടുണ്ടാകില്ല. പ്രശസ്ത മുതലപിടുത്തക്കാരനും വന്യജീവി സംരക്ഷകനുമായിരുന്ന സ്റ്റീവ് ഇർവിന്റെ ഓർമദിനമാണിന്ന്. 2006ലാണ് ഡോക്യുമെൻററി ഷൂട്ടിനിടെ തിരണ്ടിയുടെ ആക്രമണത്തിൽ സ്റ്റീവ് ഇർവിൻ കൊല്ലപ്പെടുന്നത്. സ്റ്റീവിൻറെ മാതാപിതാക്കൾ തുടങ്ങിയ വന്യജീവി സംരക്ഷണ പാർക്കിൽ നിത്യസന്ദർശകനായിരുന്നു സ്റ്റീവ്. ഇവിടെയുള്ള മുതലകളും മറ്റ് ഉരഗങ്ങളുമായിരുന്നു കുഞ്ഞായിരിക്കെ സ്റ്റീവിൻറെ കളിക്കൂട്ടുകാർ. മാതാപിതാക്കളുടെ പാത പിന്തുടർന്ന സ്റ്റീവ് , പതിയെ വന്യജീവി സംരക്ഷകനായി തീർന്നു. മൃഗവേട്ട അവസാനിപ്പിക്കാൻ നിരന്തരം പോരാടുകയും ചെയ്തു.
1996 മുതൽ 2007വരെ സംപ്രേഷണം ചെയ്തിരുന്ന ദി ക്രോക്കഡൈൽ ഹണ്ടർ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് സ്റ്റീവ് ഇർവിൻ ലോകമാകമാനം പ്രിയങ്കരനായി മാറുന്നത്. 2006ൽ ഓഷ്യൻസ് ഡെഡ്ലീസ്റ്റ് എന്ന പേരിൽ വെള്ളത്തിനടിയിൽ ഒരു ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടെ തിരണ്ടിയുടെ വാൽ ഹൃദയത്തിൽ കുത്തിയാണ് സ്റ്റീവ് മരണപ്പെട്ടത്.