കുളമ്പുരോഗം: പട്ടയക്കുടിയിൽ 5 പശുക്കൾ ചത്തു

പട്ടയക്കുടി ∙ കുളമ്പു രോഗം പട്ടയക്കുടിയിൽ 5 പശുക്കൾ ചത്തു. പശുക്കൾ ചാവുകയും മറ്റുള്ളവയ്ക്ക് രോഗവും ബാധിച്ചതോടെ ക്ഷീര കർഷകർ കടുത്ത ആശങ്കയിലാണ് . ഒരാഴ്ചയ്ക്ക് ഉള്ളിൽ 5 കറവ പശുക്കളാണ് ചത്തത്. ലക്ഷണങ്ങളോടെ ഒട്ടേറെ പശുക്കൾ ഇപ്പോൾ ചികിത്സയിൽ ഉണ്ട്.
അജയൻ ഉന്നത്തൂരിലിന്റെ പശുക്കളാണ് ചത്തത് .ജില്ലാ അനിമൽ ഡിസീസ് കൺട്രോൾ പ്രോഗ്രാം യൂണിറ്റിന്റെ നേതൃത്വത്തിൽ സാംപിൾ ശേഖരിച്ചു പരിശോധിച്ചതിനെ തുടർന്ന് കുളമ്പ് രോഗം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് പട്ടയക്കുടിക്കു രണ്ടര കിലോ മീറ്റർ ചുറ്റളവിലുള്ള കാലികൾക്ക് റിങ് വാക്‌സിനേഷൻ പ്രകാരം കുളമ്പ് രോഗ കുത്തിവയ്പു നൽകി.
രോഗം ബാധിച്ചിട്ടുള്ള മൃഗങ്ങളുടെ ചികിത്സ തുടരുകയാണെന്നും കുത്തിവയ്പിന്റെ ഫലം കാണാൻ മൂന്നാഴ്ച എങ്കിലും വേണ്ടിവരുമെന്നും വണ്ണപ്പുറം മൃഗാശുപത്രി അധികൃതർ പറഞ്ഞു. കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വെറ്ററിനറി ഡോ. ഫ്രഫുൽ അറിയിച്ചു.









































































