ഏഷ്യയിലെ ഏറ്റവും വലിയ ആമ ശിൽപം കാണണോ? നേരെ ആമപ്പാറയിലേക്ക് പോന്നോളൂ


ഏഷ്യയിലെ ഏറ്റവും വലിയ ആമ ശിൽപം കാണണോ? നേരെ ആമപ്പാറയിലേക്ക് പോന്നോളൂ. യാത്രകളിൽ അല്പം സാഹസികതയൊക്കെയാകാം എന്നു കരുതുന്നവരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ഇടുക്കിജില്ലയിലെ ആമപ്പാറ. രാമക്കൽമേടിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിമനോഹരമായ ഇവിടുത്തെ പ്രധാന ആകർഷണം ആമയോട് രൂപ സാദൃശ്യമുള്ള പാറയാണ്. ആമയുടെ തോടിനുള്ളിലൂടെ എന്നപോലെ ഒരാൾക്ക് കഷ്ടിച്ച് കടക്കാവുന്ന നേരിയ പാറയിടുക്കിലൂടെ ഇരുന്നും ഇഴഞ്ഞുമൊക്കെ മറുവശത്തെത്തിയാൽ കാണുന്ന അതി മനോഹരമാണ് കാഴ്ച തേടി നിരവധി സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. ഇനി അവരെ കാത്ത് കൂർമ എന്ന ഭീമൻ ശിൽപവും ഇവിടെയുണ്ടാകും.
42 അടി നീളവും 30 അടി വീതിയും 15 അടി ഉയരവുമുള്ള ശിൽപ്പം ഒന്നരവർഷമെടുത്ത് 35 ലക്ഷം രൂപ ചെലവിലാണ് പൂർത്തീകരിച്ചത്. ശിൽപ്പത്തിനുള്ളിൽ നിർമിച്ചിട്ടുള്ള മിനിയേച്ചർ ഗാലറിയിൽ ഇടുക്കി ആർച്ച് അണക്കെട്ട്, ഷട്ടർ ഉയർത്തിയ ചെറുതോണി അണക്കെട്ട്, ചെറുതോണി പാലം ഉൾപ്പെടുന്ന പ്രകൃതിദൃശ്യങ്ങളും,രാമക്കല്ലും, കുറവൻ കുറത്തി ശിൽപ്പവും, മലമുഴക്കി വേഴാമ്പലും, തമിഴകത്തിന്റെ വിദൂര ദൃശ്യങ്ങളുമെല്ലാം നിർമിച്ചിട്ടുണ്ട്
രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജംഗ്ഷനിലെത്താം. അവിടെ നിന്നും ജീപ്പിലാണ് ആമപ്പാറയിലേക്കുള്ള യാത്ര. ഈ പ്രദേശത്തേക്ക് ജീപ്പ് മാത്രമെ പോവുകയുള്ളു. ഓഫ്റോഡ് യാത്രകൾ ഇഷ്ടമുള്ളവർക്ക് ഈ യാത്ര ഹരംപകരുന്ന അനുഭവമായിരിക്കും. സഞ്ചാരികൾ ഏറെ എത്തുന്നത് പരിഗണിച്ച് ആമപ്പാറ മലനിരകൾക്കു ചുറ്റും സ്റ്റീൽ കൊണ്ടുള്ള വേലി നിർമ്മിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ടിക്കറ്റ് കൗണ്ടർ, വാച്ച് ടവർ, നടപ്പാതകൾ, വിളക്കുകൾ, സഞ്ചാരികൾക്ക് കാഴ്ചകണ്ട് വിശ്രമിക്കാനുള്ള ബെഞ്ചുകൾ, ശൗചാലയ ബ്ലോക്ക് എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. സദാ ശകത്മായ കാറ്റ് വീശിക്കൊണ്ടിരിക്കുന്ന പ്രദേശമാണ് ആമപ്പാറ. കാറ്റും കൊണ്ട് പാറപ്പുറത്തിലുന്ന് ഇടുക്കിയുടെ വിദൂരകാഴ്ചകൾ ആസ്വദിക്കുന്നത് പകരം വയ്ക്കാനില്ലാത്ത അനുഭവമാണ്.