വില കുത്തനെ ഉയർത്തി റസ്റ്ററന്റുകളും ബേക്കറികളും;ജ്യൂസിന് ഇരട്ടി, മീൻ വറുത്തതിന് തോന്നുംപടി, ചായയ്ക്ക് 20 രൂപ വരെ
നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതോടെ ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ ഉയർത്തി റസ്റ്ററന്റുകളും ബേക്കറികളും. ജില്ലയിലെ ഒരേ നഗരത്തിലുള്ള വ്യത്യസ്ത സ്ഥാപനങ്ങൾ തമ്മിൽ വിലയിൽ വലിയ വ്യത്യാസമാണുള്ളത്. ഒരു ചായയ്ക്ക് 10 രൂപ മുതൽ 20 രൂപ വരെയാണു ജില്ലയിലെ വിവിധ റസ്റ്ററന്റുകളിൽ ഈടാക്കുന്നത്. ഉൗണിന് 50 രൂപ മുതൽ 120 രൂപ വരെ ഈടാക്കുന്ന റസ്റ്ററന്റുകളുമുണ്ട്.
അയ്യപ്പന്മാരെത്തുന്ന സീസണായതിനാൽ ജില്ലയിലെ റസ്റ്ററന്റുകളിൽ ഈടാക്കാവുന്ന വില ഏകീകരിച്ചു കലക്ടറുടെ ഉത്തരവ് ഇറങ്ങിയത് ഈ മാസമാണ്. ഉത്തരവു പ്രകാരം 150 മില്ലീലീറ്റർ ചായയ്ക്ക് 10 രൂപ മാത്രമേ ഈടാക്കാൻ കഴിയൂ. വില നിലവാരം പൊതുജനങ്ങൾക്കു കാണാവുന്ന വിധത്തിൽ റസ്റ്ററന്റുകളിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പരാമർശമുണ്ട്. പക്ഷേ, ഇതു ഭൂരിഭാഗം ഇടങ്ങളിലും പ്രാവർത്തികമാകുന്നില്ല.
ഒരു ഓറഞ്ച് ജ്യൂസിനു സാധാരണയായി 40 രൂപയാണു വില. ചിലയിടങ്ങളിൽ 50, 60 തുടങ്ങി 80 രൂപ വരെ വാങ്ങുന്നുണ്ട്. മീറ്റ് കട്‍ലറ്റുകൾക്കു 15 മുതൽ 30 രൂപ വരെയാണു വിലയീടാക്കുന്നത്. ഊണിനു 50 –60 രൂപ കൊടുത്താൽ ഒപ്പം വാങ്ങുന്ന മീൻ വറുത്തതിനു നൂറു കടന്നേക്കാം. സീസണിന് അനുസരിച്ചു വില കൂടുന്നുവെന്നാണു സ്ഥാപന ഉടമകളുടെ ന്യായം. ന്യായമായ വില വർധനയെ ഉപഭോക്താക്കൾ എതിർക്കുന്നില്ലെങ്കിലും ഇതിന്റെ മറവിൽ ചിലർ കുത്തനെ വില വർധിപ്പിക്കുകയാണ്.
അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കേണ്ടത് അതതു തദ്ദേശ സ്ഥാപനങ്ങളുടെയും സിവിൽ സപ്ലൈസിന്റെയും ചുമതലയാണ്. പക്ഷേ, പരിശോധനകൾ പേരിനു പോലും നടക്കുന്നില്ലെന്നതാണു സത്യം. പാചക വാതകത്തിനും പച്ചക്കറിക്കും അടിക്കടി വിലകൂടുന്നതിനാലാണു ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കേണ്ടി വരുന്നതെന്നാണു റസ്റ്ററന്റ് ഉടമകളുടെ പക്ഷം.
പച്ചക്കറികൾ മുതൽ തേയിലയ്ക്കു വരെ അനിയന്ത്രിതമായി വില വർധിച്ചതും റസ്റ്ററന്റ് മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിലക്കയറ്റത്തിന്റെ അമിതഭാരം റസ്റ്ററന്റുകൾക്കും ബേക്കറികൾക്കും താങ്ങാവുന്നതിലും അപ്പുറമാണെന്നതിൽ തർക്കമില്ല. പക്ഷേ, വില ഉയർത്തിയാലും വിവിധ ഹോട്ടലുകളിലെ വില നിലവാരം ഏകീകരിച്ചു നിലനിർത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.