കിക്ക് ഡ്രഗ്സ് സന്ദേശയാത്ര മെയ് 22ന് ഇടുക്കി ജില്ലയില്‍


സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാന്‍ നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര മെയ് 22ന് ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും. യാത്രയുടെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും അത്‌ലറ്റിക്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ രാമക്കല്‍മേട് മുതല്‍ പടിഞ്ഞാറെ കവല വരെ മാരത്തോണ്‍ സംഘടിപ്പിക്കും.
രാവിലെ 8.30ന് പടിഞ്ഞാറെ കവലയില്‍ നിന്നും കിഴക്കേ കവലയിലേക്ക് കായിക മന്ത്രി അബ്ദുറഹ്‌മാന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എം.എല്‍.എമാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാക്കത്തോണ്‍ ആരംഭിക്കും. ജനപ്രതിനിധികള്‍, മത സമുദായിക നേതാക്കള്‍, ഒളിമ്പ്യന്മാര്‍, കായികതാരങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.സി.സി, എസ്.പി.സി കേഡറ്റുകള്‍, വിദ്യാര്‍ത്ഥികള്‍, കായിക പ്രതിഭകള്‍, തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. തുടര്‍ന്ന് കിഴക്കേ കവലയില്‍ പൊതുസമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ മങ്ങാട്ടു കവല ബസ് സ്റ്റാന്‍ഡില്‍ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് ലഹരി വിരുദ്ധ മഹാറാലി സംഘടിപ്പിക്കും. ഗാന്ധി സ്‌ക്വയറില്‍ പൊതുസമ്മേളനം നടക്കും. വൈകിട്ട് ആറിന് തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ കായിക അസോസിയേഷന്‍ പ്രതിനിധികളും,കായിക അധ്യാപകരും കായിക താരങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
നിര്‍മ്മാണത്തിലിരിക്കുന്ന പച്ചടി ഇന്‍ഡോര്‍ സ്റ്റേഡിയം, നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം, എഴുകുംവയല്‍ വോളിബോള്‍ സ്റ്റേഡിയം, കാല്‍വരിമൗണ്ട് ഹൈസ്‌കൂള്‍ സ്റ്റേഡിയം, ഇടുക്കി ഐ.ഡി.എ സ്റ്റേഡിയം, എന്നിവയും മന്ത്രി സന്ദര്‍ശിക്കും. പരിപാടിയുടെ വിജയത്തിനായി മന്ത്രി റോഷി അഗസ്റ്റ്യന്‍ രക്ഷാധികാരിയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാകുന്നേല്‍ ചെയര്‍മാനും, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി വൈസ് ചെയര്‍മാനും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ ജനറല്‍ കണ്‍വീനറും ആയിട്ടുള്ള സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.