സർക്കാർ പൂർത്തീകരിച്ചത് സംസ്ഥാനത്തിൻ്റെ ജീവ രേഖകളാകുന്ന ആധുനിക റോഡുകൾ: മന്ത്രി വി ശിവൻകുട്ടി


ഇടുക്കിയിലെ അഞ്ച് റോഡുകൾ നാടിന് സമർപ്പിച്ചു
റോഡുകൾ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളർത്തുന്ന, കൂടുതൽ ഊർജ്ജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന ജീവരേഖകളെന്നനിലയിലാണ സംസ്ഥാന സർക്കാർ
പുതിയ കാലത്ത് റോഡ് നിർമാണം പൂർത്തിയാക്കുന്ന തെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇടുക്കി ജില്ലയിലെ അഞ്ച് റോഡുകളുൾപ്പെടെ
കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്തുവകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
മലയോര ഹൈവേ,തീരദേശ ഹൈവേ,ദേശീയ പാത 66, തിരുവനന്തപുരത്തെ സ്മാർട്ട് റോഡുകൾ,അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ,കുതിരാൻ തുരങ്കം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വരുന്നുവെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
അടുത്ത അഞ്ചുവർഷത്തിൽ വരാൻ സാധ്യതയുള്ള പുതിയ കെട്ടിടങ്ങൾക്ക് കണക്ഷൻ നൽകാനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് റോഡ് നിർമാണം പൂർത്തികരിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.സ്മാർട്ട് റോഡുകളിൽ വഴി വിളക്കുകൾ, ടൈലുകൾ പാകിയ നടപ്പാതകൾ, പുതിയ ഓടകൾ, അണ്ടർ ഗ്രൗണ്ട് ഡക്ട് വഴി ഇലക്ട്രിക് കേബിളുകൾ, പുനർനിർമിച്ച സ്വീവറേജ് പൈപ്പുകൾ, സൈക്കിൾ ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല. ഇവയെല്ലാം പ്രത്യേകം സ്ഥാപിക്കുന്ന ഡക്ടുകളിലൂടെയാകും കടന്നുപോവുക. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണി ചെയ്യാനായി പ്രത്യേക ചേംബറുകളും നിർമ്മിച്ചിട്ടുണ്ട്. ബി എം ബി സി നിലവാരത്തിലേക്ക് മുഴുവൻ റോഡുകളെയും ഉയർത്താനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ പെരിഞ്ചാംകുട്ടി – എഴുകുംവയല്‍ റോഡ്, തൊടുപുഴ നിയോജക മണ്ഡലത്തില്‍ അര്‍പ്പാമറ്റം – കരിമണ്ണൂര്‍ റോഡ്, കാരിക്കോട് – വെള്ളിയാമറ്റം – പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കല്‍-കൊക്കയാര്‍-35-ാം മൈല്‍ റോഡ്, 35-ാം മൈല്‍-തെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.
ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ പെരിഞ്ചാംകൂട്ടി-മാവടി- മഞ്ഞപ്പാറ – തൂവൽ – എഴുകുംവയല്‍ റോഡിന്റെ ഫലകം അനാച്ഛാദനം എം.എം മണി എംഎല്‍എ നിര്‍വഹിച്ചു. ജില്ലയിൽ റോഡ് നിർമ്മാണ രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു എംഎല്‍എ പറഞ്ഞു. റോഡിൻ്റെ നിർമ്മാണം നടത്തിയ കോൺട്രാക്ടർ അലോഷ്യസ് അഗസ്റ്റിനെയും എംഎല്‍എ യോഗത്തിൽ അനുമോദിച്ചു. എഴുകുംവയല്‍ ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു.
പത്തുവളവ് നിന്ന് ആരംഭിച്ച് തൂവല്‍ ജംഗ്ഷന്‍ വഴി എഴുകുംവയലില്‍ അവസാനിക്കുന്ന റോഡില്‍ പത്തുവളവ് മുതല്‍ പെരിഞ്ചാംകൂട്ടി വരെ അഞ്ച് കിലോമീറ്റര്‍ ദൂരം ബിഎം ബിസി നിലവാരത്തില്‍ നാല് മീറ്റര്‍ ക്യാരേജ് വേ വീതിയില്‍ 5 കോടി രൂപ ചെലവിലാണ് നിര്‍മിച്ചിട്ടുള്ളത്. ആവശ്യഭാഗങ്ങളില്‍ സംരക്ഷണ ഭിത്തി, ഡ്രെയിനേജ് സംവിധാനങ്ങള്‍, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്.
യോഗത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ ഡി.ജയകുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എന്‍ വിജയന്‍, സാബു മാത്യു മണിമലക്കുന്നേൽ, കെ.പി രാജൻ, വിൻസൻ്റ്, എഴുകുംവയൽ റൂറൽ അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡൻ്റ് സാബു മാലിയിൽ, പൊതുമരമാത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മറിയാമ്മ ജോർജ് എന്നിവർ സംസാരിച്ചു.
ചിത്രം: 1)എംഎൽഎ എംഎം മണി പെരിഞ്ചാംകൂട്ടി – എഴുകുംവയൽ റോഡിൻ്റെ ശിലാഫലകം അനാച്ഛാദനം നിർവഹിക്കുന്നു.
2) പെരിഞ്ചാംകുട്ടി – എഴുകുംവയൽ റോഡ് എം.എം മണി എം എൽ എ പ്രദേശിക ഉദ്ഘാടനം നിർവഹിക്കുന്നു.
3) പെരിഞ്ചാംകുട്ടി – എഴുകുംവയൽ റോഡിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത് എം.എം മണി എംഎൽഎ സംസാരിക്കുന്നു.