കോവിഡ്;‘പുതിയ കേസുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉയരാം’; ആശങ്ക
ന്യൂഡൽഹി∙ രാജ്യത്ത് ദിവസങ്ങൾക്കുള്ളിൽ കോവിഡ് കേസുകൾ കുതിച്ചുയർന്നേക്കുമെന്ന് കേംബ്രിജ് സർവകലാശാലയിലെ വിദഗ്ധർ. ‘ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളിൽ സ്ഫോടനാത്മകമായ വളർച്ചയുണ്ടാകാം. എന്നാൽ തീവ്രമായ വളർച്ചാ ഘട്ടം താരതമ്യേന ഹ്രസ്വമായിരിക്കും.
പുതിയ കേസുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉയരാൻ തുടങ്ങും. ഒരുപക്ഷേ ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ ഉയർന്നേക്കാം. എന്നാൽ പ്രതിദിന കേസുകൾ എത്രത്തോളം ഉയരുമെന്നു പ്രവചിക്കാൻ പ്രയാസമാണ്’– കേംബ്രിജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ് സ്കൂളിലെ പ്രഫസർ പോൾ കാട്ടുമാൻ ട്രാക്കർ പറഞ്ഞു.
ബുധനാഴ്ച രാജ്യത്ത് 9,195 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നാഴ്ചയ്ക്കിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. രാജ്യത്താകെ 781 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂൾ, കോളജ്, തിയറ്റർ, സ്പാ, ജിം എന്നിവ അടച്ചിടാനും കർഫ്യൂ രാത്രി 10 മുതൽ പുലർച്ചെ 5 വരെയായി നീട്ടാനും തീരുമാനിച്ചിരുന്നു.
ജനുവരി 3 മുതൽ 15–18 വയസ്സുകാർക്കു കോവിഡ് വാക്സീനും ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കും ‘കരുതൽ ഡോസും’ നൽകുമെന്നു പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഹൈദരാബാദിലെ ബയോളജിക്കൽ- ഇ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച കോർബെവാക്സ്, യുഎസ് കമ്പനിയായ നോവവാക്സുമായി ചേർന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവോവാക്സ് എന്നീ വാക്സീനുകൾക്കും യുഎസിലെ മെർക്ക് ആൻഡ് കമ്പനി (എംഎസ്ഡി), റിഡ്ജ്ബാക്ക് ബയോതെറപ്യൂട്ടിക്സുമായി ചേർന്നു വികസിപ്പിച്ച ‘മോൽനുപിരാവിർ’ എന്ന ആന്റിവൈറൽ മരുന്നിനും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി നൽകിയിരുന്നു.