കർഷകശ്രീ 2022 പുരസ്കാരം പി.ഭുവനേശ്വരിക്ക്


കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്കു മലയാള മനോരമ നൽകുന്ന കർഷകശ്രീ 2022 പുരസ്കാരത്തിനു പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലെ പള്ളത്തേരി മാരുതി ഗാർഡൻസിൽ പി. ഭുവനേശ്വരി അര്‍ഹയായി. 3 ലക്ഷം രൂപയും പ്രശസ്തിപത്രവും സ്വർണപ്പതക്കവും ഉൾപ്പെടുന്നതാണ് പുരസ്കാരം. അവാർഡ് സമർപ്പണത്തീയതി പിന്നീട് അറിയിക്കും.
രണ്ടു വര്‍ഷത്തിെലാരിക്കൽ നല്‍കുന്ന കർഷകശ്രീ അവാർഡിന്റെ പതിനാറാമത്തെ ജേതാവാണ് പി. ഭുവനേശ്വരി.
മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യുവാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
പുരസ്കാരത്തിനു പരിഗണിക്കപ്പെടാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തവണ 105 നാമ നിർദേശങ്ങൾ ലഭിച്ചു. ആദ്യഘട്ട സൂക്ഷ്മപരിശോധനയുടെ അടിസ്ഥാനത്തിൽ14 കർഷകരെ തിരഞ്ഞെടുത്ത് അവരുടെ കൃഷിയിടവും കൃഷിരീതികളും വിദഗ്ധസംഘം നേരിട്ടു പരിശോധിച്ചു. അവരിൽനിന്ന് 5 പേർ അന്തിമ പട്ടികയിലേക്ക് യോഗ്യത നേടി.
കോട്ടയം ളാക്കാട്ടൂർ വാക്കയിൽ ജെ. ജോയിമോൻ, പാലക്കാട് മീനാക്ഷിപുരം ദീശൻ ഫാംസിലെ ജെ. ജ്ഞാന ശരവണൻ, കോഴിക്കോട് മരുതോങ്കര കൈതക്കുളത്ത് കെ.ടി. ഫ്രാൻസിസ്, കാസർകോട് വെസ്റ്റ് എളേരി പാല മറ്റത്ത് സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ എന്നിവരാണ് ഭുവനേശ്വരിയോടൊപ്പം അവസാനവട്ടത്തിലെത്തിയത്. 5 കൃഷി യിടങ്ങളിലും വീണ്ടും വിദഗ്ധസംഘം നേരിട്ടുപോയി തയാറാക്കിയ വിശദമായ റിപ്പോർട്ടും വിഡിയോ ദൃശ്യങ്ങളും വിലയിരുത്തിയാണ് വിധിനിർണയസമിതി അവാർഡ് ജേതാവിനെ നിശ്ചയിച്ചത്.
വാണിജ്യാടിസ്ഥാനത്തിൽ വിപുലമായ ജൈവകൃഷി നടത്തുന്ന വനിതയെന്ന നിലയിൽ ഭുവനേശ്വരി കർഷകശ്രീ പുരസ്കാരത്തിനു തികച്ചും യോഗ്യയാണെന്ന് മികച്ച കർഷകൻ കൂടിയായ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനും ദേശീയ ക്ഷീരവികസന ബോർഡ് മുൻ ചെയർമാൻ ടി. നന്ദകുമാർ, മുൻ റബർ പ്രൊഡക്‌ഷൻ കമ്മിഷണർ ഡോ. എ. കെ. കൃഷ്ണകുമാർ, കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മുൻ മേധാവി ഡോ. പി. ഇന്ദിരാദേവി, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർ അംഗങ്ങളുമായ സമിതി വിലയിരുത്തി. ആദായക്ഷമത, സുസ്ഥിര ശൈലി, കാലാവസ്ഥപ്പൊരുത്തം, മൂല്യവർധന, സാമൂഹിക പ്രതിബദ്ധത, പുതുശൈലികൾ, ലിംഗതുല്യത, പ്രായം എന്നിവയൊക്കെ ജേതാവിനെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമായി.
തരിശു കിടന്ന 24 ഏക്കർ ഊഷരഭൂമിയെ വിളവൈവിധ്യവും ഉൽപാദനക്ഷമതയുമുള്ള കൃഷിയിടമാക്കാൻ ഭുവനേശ്വരിക്കു കഴിഞ്ഞു. പത്തേക്കർ പാടത്ത് 2 പൂവ് നെല്ലും ഒരു പൂവ് എള്ളും കൃഷി ചെയ്യുന്ന ഈ വനിത സുസ്ഥിര ശൈലിയിലുള്ള തീവ്രകൃഷി സാധ്യമാണെന്നു തെളിയിക്കുന്നു. രണ്ടു ദശകത്തിലേറെയായി ജൈവ– പ്രകൃതി കൃഷിരീതികൾ പിന്തുടരുന്ന ഭുവനേശ്വരി, സവിശേഷ വിപണനമാർഗങ്ങളിലൂടെയും മൂല്യവർധനയിലൂടെയും മികച്ച വരുമാനമാണ് നേടുന്നത്. കൃഷിയിൽനിന്നുള്ള വരുമാനത്തിലൂടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും സ്വത്ത് ആർജിക്കാനുമൊക്കെ കഴിഞ്ഞു. ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളിലും അവർ പങ്കാളിയാണ്. അതിസാന്ദ്രതാകൃഷി, തുള്ളിനന, ഫാം ടൂറിസം തുടങ്ങിയ നൂതനാശയങ്ങൾ നടപ്പാക്കിയ ഭുവനേശ്വരിയുടെ അധ്വാനശീലവും സ്ഥിരോത്സാഹവും മറ്റു വനിതകൾക്കു മാതൃകയാണെന്ന് സമിതി അഭിപ്രായപ്പെട്ടു. അന്തിമ പട്ടികയിൽ സ്ഥാനം പിടിച്ച മറ്റ് കർഷകരെ വിധിനിർണയസമിതി പ്രത്യേകം പ്രശംസിച്ചു.