പൂവിൽ തൊട്ടാൽ പൊള്ളും.ഒന്നരമാസം മുൻപ് കിലോയ്ക്ക് 1500 രൂപ വിലയുണ്ടായിരുന്ന മുല്ലപൂവിന് 4000 രൂപ വരെയാണ് വിപണിയിലെ ഇപ്പോഴത്തെ വില. ചില ദിവസങ്ങളിൽ ഏറ്റക്കുറച്ചിലുമുണ്ടാകാം. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഉദ്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്
കട്ടപ്പന : മുല്ലപ്പൂ അടക്കമുള്ള പുഷ്പങ്ങൾക്ക് തീവില.ഒന്നരമാസം മുൻപ് കിലോയ്ക്ക് 1500 രൂപ വിലയുണ്ടായിരുന്ന മുല്ലപൂവിന് 4000 രൂപ വരെയാണ് വിപണിയിലെ ഇപ്പോഴത്തെ വില. ചില ദിവസങ്ങളിൽ ഏറ്റക്കുറച്ചിലുമുണ്ടാകാം. കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഉദ്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കല്യാണ സീസണെത്തിയാൽ വില ഇനിയും ഉയരും.മുല്ലപ്പൂവിന് പുറമേ മറ്റെല്ലാ പുഷ്പങ്ങൾക്കും വില ഉയർന്നിട്ടുണ്ട്.200 രൂപ വിലയുണ്ടായിരുന്ന അരളി ഇപ്പോൾ വാങ്ങണമെങ്കിൽ 450 രൂപ നൽകണം. ജമന്തിയ്ക്കും നൂറ് രൂപ ഉയർന്നിട്ടുണ്ട്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ശീലയംപട്ടി മാർക്കറ്റിൽ നിന്നാണ് പ്രധാനമായും കേരളത്തിലേയ്ക്ക് പൂക്കൾ എത്തുന്നത്. കഴിഞ്ഞ മാസങ്ങളിൽ ഈ മേഖലകളിൽ വ്യാപകമായി മഴ പെയ്തത് കൃഷിയെ പ്രതികൂലമായി ബാധിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.ഇന്ധന വില വർധനയും മറ്റൊരു കാരണമാണ്.
• ബാംഗ്ലൂർ ഹൈബ്രിഡ് പൂക്കൾക്കും ഉയർന്ന വില
റോസ് ഉൾപ്പെടുന്ന ബാംഗ്ലൂർ ഹൈബ്രിഡ് പൂക്കൾക്കും വില കൂടിയിട്ടുണ്ട്. പത്ത് എണ്ണമുള്ള ഒരു കെട്ട് റോസിന് 500 മുതൽ 550 രൂപ വരെയാണ് മൊത്ത വിപണിയിലെ വില. ജെർബറ – 100, ഗാർനിഷ് – 350, ഗ്ലാഡിയോലസ് – 450 ഡെയ്സി -250 , ജിബ്സോഫില 450 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില.
“കല്യാണ സീസൺ അടുക്കുമ്പോൾ പൂവിന് വില ഉയരുന്നത് കച്ചവടത്തെ ബാധിക്കുന്നു. പുഷ്പം വാങ്ങാനെത്തുന്നവരോട് വില പറഞ്ഞാൽ വാങ്ങാതെ തിരിച്ച് പോകുന്ന സാഹചര്യമുണ്ട്. കച്ചവടം കുറഞ്ഞാൽ ഈ മേഖലയിലെ വ്യാപാരികൾ പ്രതിസന്ധിയിലാകും”
ബേബിച്ചൻ , ജിൻസ് ഫ്ലവർമാർട്ട് കട്ടപ്പന
• പ്രധാന ഇനങ്ങളുടെ ഇപ്പോഴത്തെ വിലയും ബ്രായ്ക്കറ്റിൽ ഒന്നര മാസം മുൻപുള്ള വിലയും
മുല്ല – 4000 – 4200 ( 1500)
അരളി – 400 – 450 ( 200)
ജമന്തി – 360 ( 80- 150 )
ചെത്തി – 400 ( 150- 200)
ബാംഗ്ലൂർ റോസ് – 500 – 550 ( 150-180)