പരിശോധനകള്‍ കുറഞ്ഞതോടെ നിരോധിത പ്ലാസ്‌റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം വീണ്ടും സജീവമാകുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് വ്യാപാര സ്‌ഥാപനങ്ങളിലും മറ്റും നടത്തവന്നിരുന്ന പരിശോധന അധികൃതര്‍ നിര്‍ത്തിവച്ചത്.ഇതോടെ വീണ്ടും ഇവയുടെ ഉപയോഗം വര്‍ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്‌റ്റിക്കാണ് നിരോധനം ഉണ്ടായിരുന്നത്.
വഴിയോര കച്ചവട സ്‌ഥാപനങ്ങളില്‍ അടക്കമാണ് ഇത്തരം ക്യാരി ബാഗുകള്‍ വ്യാപകമായി ഉപയോഗിച്ചുവന്നത്. നിരോധനം വന്നതോടെ പേപ്പര്‍, തുണിസഞ്ചികള്‍ വ്യാപകമായിരു ന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിരോധിത പ്ലാസ്‌റ്റിക് ക്യാരി ബാഗുകള്‍ തന്നെയാണ് കച്ചവട കേന്ദ്രങ്ങളില്‍ നിറയുന്നത്.
മൈക്രോണ്‍ വ്യത്യാസമില്ലാതെയാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്കിന് പരിസ്‌ഥിതി മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. കടകളില്‍ ഇവ ഉപയോഗിക്കുന്ന കണ്ടാല്‍ പിഴ ചുമത്താനായിരുന്നു ഉത്തരവ്. മൂന്നു തവണയില്‍ കൂടുതല്‍ ആവര്‍ത്തിച്ചാല്‍ സ്‌ഥാപനം അടച്ചൂപൂട്ടും.
കഴിഞ്ഞ ജനുവരി ഒന്നിനു നിരോധനം പ്രാബല്യത്തില്‍ വന്നു. സംയുക്‌ത പരിശോധനകളും വകുപ്പുതല പരിശോധനകളും ശക്‌തമായതോടെ നിരോധിത പ്ലാസ്‌റ്റിക് അതിര്‍ത്തി കടന്നാണ് നിരോധിത ക്യാരിബാഗുകള്‍ കൂടുതലും എത്തുന്നത്.
വ്യാപാരികള്‍ ഇല്ലെന്നു പറഞ്ഞാലും പ്ലാസ്‌റ്റിക് ക്യാരിബാഗ് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഉപഭോക്‌താക്കളുമുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. പ്ലാസ്‌റ്റിക് നിരോധനം വന്നതോടെ ജില്ലയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ പേപ്പര്‍ ക്യാരി ബാഗുകള്‍, തുണിസഞ്ചികളും തയ്‌ച്ചുനല്‍കിയിരുന്നു. ലോക്‌ഡൗണ്‍ കാലത്ത് പാഴ്‌സല്‍ സര്‍വീസിന് ഹോട്ടലുകളിലും ബേക്കറികളിലും തിരക്കേറിയതോടെ മിക്ക കടകളിലും ഭക്ഷണസാധനങ്ങള്‍ പാഴ്‌സലാക്കുന്നതു ദോഷകരമായ പ്ലാസ്‌റ്റി ക്കിലാണെന്ന് ആക്ഷപമുണ്ട്. തട്ടുകടകളാണ് ഇതില്‍ മുന്നില്‍.
വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കുന്നതിനുവേണ്ടി പ്ലേറ്റില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുന്നതും ചൂടേറിയ വിഭവങ്ങള്‍ അതേപടി പ്ലാസ്‌റ്റിക് കവറിലാക്കുന്നതും പതിവാണ്. ചുരുക്കം ഹോട്ടലുകള്‍ മാത്രമാണ് അലുമിനിയം ഫോയിലും മറ്റും ഉപയോഗിക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ കൂടുതലും നിരോധിത പ്ലാസ്‌റ്റിക്കുകളാണ് ഉപയോഗിക്കുന്നത്.