കൂനൂരിലെ ഹെലികോപ്റ്റര്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ രാജ്യം; ഇന്ന് ദേശീയ ദുഃഖാചരണം
Date : 09-12-2021
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലികയും ഉള്‍പ്പെടെ 13 പേരുടെ ജീവനാണ് പൊലിഞ്ഞത്. റാവത്തിനോടുള്ള ആദരസൂചകമായി ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.കെ.ചൗധരി അപകടസ്ഥലം സന്ദര്‍ശിച്ചു. മൃതദേഹങ്ങള്‍ ഇന്നു ദില്ലിയിലെത്തിക്കും. കോയമ്പത്തൂരിനു സമീപം സൂലൂരില്‍ നിന്നു കൂനൂരിലെ വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലേക്ക് (ഡിഎസ്എസ്സി) പോവുകയായിരുന്നു ജനറല്‍ റാവത്തും സംഘവും. 11.47 നാണു പുറപ്പെട്ടത്. 12.20 നായിരുന്നു അപകടം.
അതേസമയം ഊട്ടി കൂനൂരിൽ ഹെലികോപ്ടർ തകർന്ന സംഭവത്തില്‍ ഹെലികോപ്ടറിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. സ്ഥലത്ത് പരിശോധന തുടരുകയാണ്. വ്യോമസേന ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേന മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാര ചടങ്ങുകൾ നാളെ നടക്കും.
ഇന്ന് വൈകിട്ടോടെ സൈനിക വിമാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ ദില്ലിയിൽ എത്തിക്കും. നാളെ അദ്ദേഹത്തിന്റെ വീട്ടിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ആളുകളെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കും.
തുടർന്ന് കാമരാജ് മാർഗിൽ നിന്ന് ദില്ലി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്ക് മൃതശരീരം കൊണ്ടുപോകും. എല്ലാ ബഹുമതികളും നൽകിയാകും സംസ്കാര ചടങ്ങുകൾ നടക്കുക.