പനിയും ഛർദ്ദിയും പടർന്ന് പിടിച്ച് ഇടുക്കിയിലെ അവികസിത ആദിവാസി കോളനികൾ. ആരോഗ്യ വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപം.
ആദിവാസി കോളനികളില്‍ പനിയും ചര്‍ദിയും പടര്‍ന്ന് പിടിക്കുന്നു. അവികസിത ആദിവാസി സങ്കേതമായ കുറത്തി കുടി മാങ്കുളം പഞ്ചായത്തിലെ ശേവല്‍ കുടി, കള്ളക്കുട്ടി കുടി, സിങ്കു കുടി, ചിക്കണംകുടി എന്നീ ആദിവാസി കോളനികളില്‍ പനിയും ചര്‍ദിയും പടര്‍ന്ന് പിടിക്കുന്നത്.കൂടുതലും 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് രോഗം പിടിച്ചിരിക്കുന്നത്. എന്നാല്‍ ആരോഗ്യ വകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. പടര്‍ന്നുപിടിക്കുന്ന പനി കൊവിഡ് ആണോ എന്ന സംശയം പ്രദേശവാസികള്‍ക്കിടയിലുണ്ട്.
നിലവില്‍ കോവിഡ് പരിശോധന നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ രോഗ നിര്‍ണയം സാധ്യമല്ലാതായിരിക്കയാണ്. പകര്‍ച്ചപ്പനിയെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നതെങ്കിലും അത് വിശ്വാസയോഗ്യമല്ല. മാങ്കുളം പഞ്ചായത്തിലെ 20 ശതമാനത്തിലധികം ജനങ്ങള്‍ ആദിവാസികളെന്നിരിക്കെ ഇവരുടെ ആരോഗ്യ സംരക്ഷണത്തില്‍ ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥ പ്രതിഷേധാര്‍ഹമാണ്.
അടിമാലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് കുറത്തി കുടി. ഇവിടെ 80 ശതമാനം ആളുകള്‍ക്കും കോവിഡ് പിടിപെട്ടിരുന്നു. കോവിഡിനൊപ്പം പകര്‍ച്ച പനിയും ചര്‍ദിയും പടരുന്നത് ആശങ്കയുണ്ടാക്കുന്നതായി കുടിയിലെ ശിവന്‍ കുഞ്ചികെെയ്യന്‍ പറഞ്ഞു.
യാത്ര സൗകര്യമില്ലാത്തതിനാല്‍ പുറംനാട്ടിലെത്തി ചികിത്സ തേടുന്നതിനും കഴിയുന്നില്ല. മഴക്കാലമായതിനാല്‍ റോഡുകളും പൂര്‍ണമായി തകര്‍ന്നു. ഈറ്റ വെട്ട് ഇല്ലാത്തതിനാല്‍ കൂപ്പ് കോണ്‍ട്രാക്ടര്‍മാരും റോഡ് നന്നാക്കിയിട്ടില്ല.