നൂറ്റിയൻപത് കിലോമീറ്റർ താണ്ടാനെടുത്തത് 2 മണിക്കൂർ,നവജാത ശിശുവിന് പുനർജൻമം ഒരുക്കി കട്ടപ്പനയിലെ ആംബുലൻസ് ജീവനക്കാർ ….
നൂറ്റിയൻപത് കിലോമീറ്റർ താണ്ടാനെടുത്തത് 2 മണിക്കൂർ,നവജാത ശിശുവിന് പുനർജൻമം ഒരുക്കി കട്ടപ്പനയിലെ ആംബുലൻസ് ജീവനക്കാർ ….
കട്ടപ്പന : ചൊവ്വാഴ്ച്ച പുലർച്ചെ 6.45 നാണ് സർവ്വീസ് സഹകരണ ബാങ്കിന്റെ നിയോനാറ്റൽ ആംബുലൻസിൽ ജോലി ചെയ്യുന്ന മെയിൽ നേഴ്സ് ജോഷി ജോസഫിന് നെടുംങ്കണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നും ഒരു ഫോൺ കോളെത്തുന്നത്,എത്രയും വേഗംആംബുലൻസുമായിആശുപത്രിയിലെത്തണമെന്നും,പുലർച്ചെ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി യിൽ എത്തിക്കണമെന്നുമായിരുന്നു സന്ദേശം.ഉടനെ തന്നെ ആംബുലൻസുമായി ഡ്രൈവർ റ്റിജോ ജോർജും, ജോഷിയും നെടുംങ്കണ്ടത്തെത്തി.എന്നാൽ വെറും 930 ഗ്രാം തൂക്കമുള്ള കുഞ്ഞിനെ തിരുവനന്തപുരത്ത് വേഗത്തിൽ എത്തിയ്ക്കുക ശ്രമകരമാണെന്ന് ഇരുവരും ആശുപത്രി അധികൃതരേയും,കുഞ്ഞിന്റെ മാതാപിതാക്കളെയും ധരിപ്പിച്ചു.പിന്നീടാണ് മന്ത്രി റോഷി അഗസ്റ്റിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വഴി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കുഞ്ഞിനെ മാറ്റുവാൻ തീരുമാനമുണ്ടായത്.വെന്റിലേറ്റർ ഘടിപ്പിച്ച് ശിശുവിനെ ഇൻക്യുബേറ്ററിലാക്കി 7.50 ന് നെടുംങ്കണ്ടത്ത് നിന്നും പുറപ്പെട്ടു. 10.04 ആയപ്പോൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ഇരുവർക്കും സാധിച്ചു.
ആവശ്യമായ പരിചരണം നൽകി കൃത്യസമയത്ത് കോട്ടയത്ത് എത്തിക്കാൻ കഴിഞ്ഞതിനാൽ നവജാത ശിശുവിന്റെ ജീവൻ നിലനിർത്താനായി. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. കട്ടപ്പന കൊച്ചു തോവാള സ്വദേശിയായ ഡ്രൈവർ
റ്റിജോ ജോർജിന്റെ മനക്കരുത്ത് കൊണ്ടാണ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുള്ള മലയോരപാത 2 മണിക്കൂർക്കൊണ്ട് താണ്ടാൻ സാധിച്ചത്.പോലീസിന്റെയും, നാട്ടുകാരുടെയും സഹായം വഴിയിലുടെനീളം ലഭിച്ചതും സഹായകരമായി.ഈരാറ്റുപേട്ട വഴി തിരഞ്ഞെടുക്കുകയായിരുന്നുവെങ്കിൽ അരമണിക്കൂർ നേരത്തേ എത്താൻ കഴിയുമായിരുന്നു എന്നാൽ റോഡിന്റെ മോശം അവസ്ഥ കൊണ്ടാണ് മുട്ടം വഴി പോകേണ്ടി വന്നതെന്നും ഡ്രൈവർ പറഞ്ഞു.കഴിഞ്ഞ ആറ് വർഷമായി നിയോനാറ്റൽ ആംബുലൻസിൽ ജോലി ചെയ്യുന്ന നഴ്സ് കുന്തളംപാറ ചക്കാലയ്ക്കൽ ജോഷിയുടെ പരിചരണമാണ് യാത്രയിൽ കുഞ്ഞിന്റെ ജീവൻ പിടിച്ച് നിർത്താൻ പ്രധാന കാരണം.ഇൻക്യുബേറ്ററിന്റെ താപം ക്രമീകരിച്ചും,വെന്റിലേറ്ററിലെ വ്യതിയാനവും സസൂഷ്മം നിരീക്ഷിച്ചും ജോഷി കുഞ്ഞിന് എല്ലാമായി മാറി.