ഇടുക്കി പിറന്നിട്ട് അൻപതാണ്ട് ; ഡിസംബർ 26 മുതൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം.
ഇടുക്കി: വിവിധ മേഖലകളിലെ അൻപതുപേരെ ആദരിച്ച് ഇടുക്കി ജില്ല രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഡിസംബർ 26 ന് തുടക്കം കുറിക്കുമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.ഇതുസംബന്ധിച്ച ആലോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജനുവരി 25 വരെ ഒരുമാസത്തെ ആഘോഷങ്ങളോടൊപ്പം ജില്ല രൂപവത്കരണദിനമായ ജനുവരി 26 മുതല്‍ ഒരു വര്‍ഷത്തെ ആഘോഷങ്ങളുമാണ് വിഭാവനം ചെയ്യുന്നത്. ജില്ലയുടെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന തനത് കലാ-കായിക വിനോദങ്ങള്‍ സംഘടിപ്പിക്കും. ജില്ലയില്‍ പുരോഗമിക്കുന്നതും ഉടന്‍ ആരംഭിക്കുന്നതുമായ വികസന, ജനക്ഷേമ പദ്ധതികള്‍ ജൂബിലി കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ഓര്‍മിപ്പിച്ചു.ജില്ലയുടെ ചുമതലയുള്ള മന്ത്രിയെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് വിപുലമായ ആലോചനയോഗം ചേര്‍ന്ന് ആഘോഷപരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. എ.ഡി.എം ഷൈജു പി. ജേക്കബിനാണ് ജൂബിലി ആഘോഷങ്ങളുടെ ഏകോപനച്ചുമതല.