കരകയറാൻ പാടുപെട്ട് കിഴേക്കേ മാട്ടുക്കട്ടക്കാർ.
കട്ടപ്പന :മഴ കനത്താൽ കിഴക്കേമാട്ടുക്കട്ടയിലെ ഇരുന്നൂറ്റി അൻപതോളം കുടുംബങ്ങൾക്ക് പിന്നീട് ദുരിത കാലമാണ്.നാടിനെയും,നാട്ടുകാരെയും കാണണമെങ്കിൽ ചങ്ങാടത്തിൽ കയറി അക്കരെയെത്തണം.അല്ലെങ്കിൽ പത്ത് കിലോമീറ്റർ ചുറ്റിയെത്തണം.സാധാരണ കാലവർഷമെത്തുമ്പോഴാണ് ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് ഉയരുന്നതും, കിഴക്കേ മാട്ടുക്കട്ടക്കാർ ഒറ്റപ്പെടുന്നതും. വെള്ളിലാംകണ്ടത്ത് നിന്ന് ഇവിടേയ്ക്കുള്ള റോഡുകളടക്കം വെള്ളത്തിനടിയിലാകും. പിന്നീട് സെപ്റ്റംബർ മാസത്തോടെ വെള്ളം ഇറങ്ങുകയാണ് പതിവ്. എന്നാൽ ഇത്തവണ മഴ കുറയാത്തതും, ഇടുക്കി സംഭരണിയിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ പരമാവധിയിലെത്തി നിൽക്കുന്നതുമാണ് വൃഷ്ടിപ്രദേശത്ത് കഴിയുന്ന ഇരുന്നൂറ്റി അൻപത് കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.കിഴക്കേമാട്ടുക്കട്ടയിൽ നിന്ന് മറുകരയെത്തുവാൻ ഇപ്പോഴുള്ള ഏക ആശ്രയം കാലപ്പഴക്കം ബാധിച്ച മുള ചങ്ങാടം മാത്രമാണ്.സ്കൂൾ കുട്ടികളടക്കം ഇതിലാണ് മറുകരയെത്തുന്നത്. സുരക്ഷിതമല്ലാത്ത ചങ്ങാടത്തിൽ മക്കളെ സ്കൂളിലേയ്ക്ക് പറഞ്ഞയക്കാൻ മാതാപിതാക്കൾക്കും ഭയമാണ്.മഴക്കാലത്ത് സഞ്ചാരം തടസ്സപ്പെടുന്ന സാഹചര്യം ജനപ്രതിനിധികളെ പലതവണ അറിയിച്ചെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. ഗ്രാമപഞ്ചായത്തോ,എം എൽ എയോ ഇടപെട്ട് പാലം നിർമ്മിച്ച് സഞ്ചാരം സുഗമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.