ആദ്യദിനം ദർശനത്തിന് എത്തിയത് 4986 പേർ മാത്രം; ബുക്കിങ് നടത്തിയിരുന്ന 20,014 പേർ മല ചവിട്ടാൻ എത്തിയില്ല
ശബരിമല: ശബരിമലയിൽ ആദ്യ ദിനം മല ചവിട്ടാൻ എത്തിയത് 4986 പേർ മാത്രം. ബുക്കിങ് നടത്തിയിരുന്ന 25000 പേരിൽ 20014 പേർ ആദ്യ ദിവസം ദർശനത്തിന് എത്തിയില്ല. പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് കഴിയുന്നവർ ആദ്യ മൂന്ന് ദിവസങ്ങളിൽ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ബുക്കിങ് നടത്തിയിട്ട് വരുന്ന മൂന്ന് ദിവസങ്ങളിൽ എത്താൻ കഴിയാത്തവർക്ക് 18 ന് ശേഷം ദർശം നടത്താമെന്നാണ് ദേവസ്വം ബോർഡ് മന്ത്രി കെ. രാധാക്യഷ്ണൻ സന്നിധാനത്ത് വ്യക്തമാക്കിയത്. ആദ്യം ദിവസം കൂടുതലായി എത്തിയത് അന്ധ്രയിൽ നിന്നുമുള്ള തീർത്ഥാടകരായിരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ഭക്തരുടെ വരവുണ്ടായി. മലയാളികൾ പൊതുവെ കുറവായിരുന്നു. പമ്പയിലും ശബരിമലയിലും മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായതും ആദ്യ ദിനത്തെ തീർത്ഥാടനത്തിന് ഏറെ ആശ്വാസമായിരുന്നു. പുലർച്ചെ മൂന്ന് മണി മുതലാണ് ഭക്തരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റി വിട്ടത്. പുലർച്ചെ 5നാണ് നടതുറന്നത്. ദർശനം കഴിഞ്ഞാൽ ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കുന്നില്ല.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽശബരിമലയിൽ അടുത്ത് മൂന്ന് ദിവസങ്ങളിൽആളുകളുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. മഴയെ തുടർന്ന് ജലനിരപ്പ് അപകടകരമായതിനാൽ പമ്പാ സ്നാനം അനുവദിക്കുന്നില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്ന് നിർദേശമുണ്ട്. നിലയ്ക്കലിൽ ഏർപ്പെടുത്തിയിരുന്ന സ്പോട്ട് ബുക്കിങ് തൽക്കാലം നിർത്തി വെച്ചിരിക്കുകയാണ്.
അയ്യപ്പന്റെ പൂങ്കാവനത്തിലെ 18 മലകളിലെ ദേവതകളെ തൊഴുത് അവരുടെ പ്രീതിക്കായി പതിനെട്ടാംപടിയില്‍ നടത്തുന്ന വിശിഷ്ടമായ പടിപൂജയ്ക്ക് ചൊവ്വാഴ്ച ശബരിമലയില്‍ തുടക്കമായി. പടി പതിനെട്ടും കഴുകി, പുഷ്പങ്ങളും പട്ടും നിലവിളക്കുകളും കൊണ്ട് അലങ്കരിച്ച്, ശരണമന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും ആരവത്തില്‍, തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തിലാണ് പടിപൂജ നടത്തിയത്.