കട്ടപ്പന കൊച്ചുതോവാള ചിന്നമ്മ കൊലക്കേസ്, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ചിന്നമ്മയുടെ ഭർത്താവ് ഉൾപ്പെടെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു
ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കൊച്ചു തോവാള ചിന്നമ്മ കൊലക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചു.ക്രൈം ബ്രാഞ്ച് സി. ഐ റ്റി. എ യൂനസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.സംഘം ഇന്നലെ കൊച്ചുതോവാളയിൽ ചിന്നമ്മ കൊല്ലപ്പെട്ട വീട്ടിലെത്തി പരിശോധന നടത്തി. ചിന്നമ്മയുടെ ഭർത്താവ് ജോർജ്, ബന്ധുക്കൾ, മരണം നടന്ന ശേഷം ആദ്യം വീട്ടിൽ എത്തിയ അയൽവാസി, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മരണ വിവരം അറിഞ്ഞ് ആദ്യം വീട്ടിലെത്തിയ അയൽവാസി കേസിലെ നിർണ്ണായക സാക്ഷിയാണ്. ഇയാളുടെ വീട്ടിൽ എത്തിയ സംഘം സംഭവം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.2021 ഏപ്രിൽ എട്ടിന് പുലർച്ചെയാണ് കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മയെ (63) വീടിന്റെ താഴത്തെ നിലയിലെ കിടപ്പ് മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ തുണി കടിച്ച് പിടിച്ചിരുന്ന നിലയിൽ തറയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മുകളിലത്തെ നിലയിൽ കിടന്നുറങ്ങിയിരുന്ന ഭർത്താവാണ് ചിന്നമ്മ കൊല്ലപ്പെട്ടത് അയൽവാസികളെ അറിയിച്ചത്. പിന്നീട് പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ചിന്നമ്മയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഭർത്താവ് ജോർജ് മൊഴി നൽകിയതോടെ മോഷണം നടന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചെങ്കിലും വ്യക്തമായ തെളിവുകളോ, കാണാതായ സ്വർണാഭരണങ്ങളോ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണം ഭർത്താവ് ജോർജിലേയ്ക്ക് നീണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ശേഖരിക്കാൻ പോലീസിനായില്ല.സംശയ നിഴലിൽ നിൽക്കുന്ന ഭർത്താവ് ജോർജിനെ കഴിഞ്ഞ ആഗസ്റ്റ് 26 ന് തിരുവനന്തപുരത്തെത്തിച്ച് നുണ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. കൊലപാതകം നടന്ന് ഏഴ് മാസം പിന്നിടുമ്പോൾ അയൽവാസികളെയും ഇവിടെ ജോലിക്കെത്തിയ തൊഴിലാളികളെയുമടക്കം നൂറിലധികം പേരെ ചോദ്യം ചെയ്തെങ്കിലും അന്വേഷണ സംഘത്തിന് തുമ്പൊന്നും ലഭിച്ചില്ല. ഇതിനിടെ കേസന്വേഷിച്ചിരുന്ന ഡി വൈ എസ് പി ജെ സന്തോഷ് കുമാറും, സർക്കിൾ ഇൻസ്പെക്ടർ ബി. ജയനും സ്ഥലം മാറി പോയതോടെ തുടരന്വേഷണം മന്ദഗതിയിലായി.തുടർന്നാണ് ആക്ഷൻ കൗൺസിലിന് നാട്ടുകാർ രൂപം നൽകിയതും, ഇപ്പോൾ അന്വേഷണം ക്രൈം ബ്രാഞ്ചിലേയ്ക്ക് എത്തിയതും. കേസ് ഡയറി വിശദമായി പഠിച്ച ശേഷം അന്വേഷണം ശക്തമാക്കുമെന്ന് ക്രൈം ബ്രാഞ്ച് സി. ഐ പറഞ്ഞു.ജോർജിന്റെ മക്കളിൽ രണ്ട് പേര്‍ ഓസ്ട്രേലിയയിലും ഒരാള്‍ കോട്ടയത്തും ഒരാള്‍ തൃശൂരിലുമാണ് താമസം.മക്കളോ ബന്ധുക്കളോ ചിന്നമ്മയുടെ മരണവുമായി ബന്ധപെട്ട് തുടരന്വേഷണം ഇതുവരെ ആവശ്യപ്പെടാത്തതും വിചിത്രമാണ്