വിസ്മയ ചിറകുമായി നാഗശലഭം വിരുന്നിനെത്തി. ഉപ്പുതറയിൽ ഹോളി ഇൻഫന്റ് മേരി ദേവാലയത്തിന് മുൻപിലെ മാതാവിന്റെ രൂപ കൂട്ടിലാണ് ഈ അപൂർവ്വ ശലഭത്തെ കണ്ടെത്തിയത്
കട്ടപ്പന : ചിറകുകളുടെ അഗ്രഭാഗങ്ങൾക്ക് തലയുയർത്തി നിൽക്കുന്ന സർപ്പത്തിന്റെ രൂപം, സാധാരണ ചിത്ര ശലഭത്തിനേക്കാൾ വലിപ്പം.നിശാ ശലഭമായതിനാൽ ഇവയെ പകൽ കാണുന്നത് അപൂർവ്വമാണ്. ഉപ്പുതറ ഹോളി ഇൻഫന്റ് മേരി ദൈവാലയത്തിലെ മാതാവിന്റെ രൂപകൂട്ടിലാണ് വ്യത്യസ്ത ശലഭത്തെ കാണുവാനായത്.നാഗ ശലഭത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും ആദ്യമായി കണ്ടതിന്റെ ആവേശം പലരും പങ്ക് വച്ചു. ഭംഗിയുള്ള ശലഭമാണെങ്കിലും ഇവ അൽപ്പായുസ്സുകളാണ്.രണ്ടാഴ്ച്ച മാത്രമേ ഇവ ജീവിച്ചിരിക്കുകയുള്ളു. ലാർവ്വ ആയിരിക്കെ കഴിക്കുന്ന ആഹാരമാണ് പറന്ന് നടക്കുവാൻ ഊർജം . ലോകത്തിലെ ഏറ്റവും വലിയ നിശാ ശലഭങ്ങളിലൊന്നാണ് ഇവ. അറ്റ്ലസ് മോത്തെന്നാണ് ശാസ്ത്രീയ നാമം, നിബിഡ വനങ്ങളിൽ ജീവിക്കുന്ന ശലഭത്തെ ജനവാസ മേഖലയിൽ കാണുന്നത് വിരളമാണ്. ചിറക് വിടർത്തിയാൽ 25 സെന്റീമീറ്റർ വരെ വലിപ്പമുണ്ടാകും ഇവയ്ക്ക്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഇവയുടെ വിചിത്ര രൂപം ഉപകരിക്കുമെന്നും ലെപ്പിഡോപ്റ്റെറിസ്റ്റുകൾ പറയുന്നു. പ്രജനനത്തിന് വേണ്ടി മാത്രമാണ് നാഗശലഭങ്ങൾ ജീവിയ്ക്കുന്നത്. പെൺശലഭങ്ങളിൽ നിന്ന് പുറപ്പെടുവിക്കുന്ന ഹോർമോണിന്റെ ഗന്ധത്തിൽ ആകൃഷ്ടരായിട്ടാണ് ആൺശലഭങ്ങൾ ഇണയുടെ അരികിലേയ്ക്ക് എത്തുന്നത്