24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും; അടുത്ത 5 ദിവസം മഴയ്ക്കു സാധ്യത
തിരുവനന്തപുരം ∙ അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം രാജ്യത്തുനിന്ന് പൂർണമായും പിൻവാങ്ങാനും തുലാവർഷം ആരംഭിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പതിവിൽ നിന്ന് 25 ദിവസം വൈകിയാണു തുലാവർഷം തുടങ്ങുന്നത്. തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിൽനിന്നുള്ള വടക്കു കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി അടുത്ത 5 ദിവസം വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ തുടർന്നേക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായി മഴ പെയ്തേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നു പതിനൊന്നു ജില്ലകളിൽ യെലോ അലർട്ട് (ശക്തമായ മഴ) നിലവിലുണ്ട്. കാസർകോട്, കണ്ണൂർ, ആലപ്പുഴ ഒഴികെ 11 ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 26 ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്തമായ മഴ) വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ യെലോ അലർട്ടും നൽകി.
അറബിക്കടലിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. അറബിക്കടലിൽ ലക്ഷദ്വീപിനു സമീപമുള്ള ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണം.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
25-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
26-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
27-10-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
English Summary: Rain alert in Kerala