കാലവര്‍ഷക്കെടുതി : ജില്ലയില്‍ 12 മരണം, 183 കോടി രൂപയുടെ നാശനഷ്ടം
ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 16 തീയതിയിലുണ്ടായ അതിതീവ്രമായ മഴയിലും തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയില്‍ ഏകദേശം (183,43,35,300/ രൂപ) നൂറ്റി എണ്‍പത്തിമൂന്ന് കോടി നാല്‍പ്പത്തി മൂന്ന് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി മുന്നൂറു രൂപയുടെ നാശനഷ്ടം ഇതുവരെ കണക്കാക്കിയിട്ടുണ്ട്. ഈ ദുരന്തത്തില്‍ ആകെ 12 മരണങ്ങളാണ് ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍)ള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.119 വീടുകള്‍ പൂര്‍ണ്ണമായും 391 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ റോഡുകള്‍ തകര്‍ന്നു. നാശനഷ്ടം സംഭവിച്ച വിശദമായ കണക്കെടുപ്പ് നടന്നു വരുന്നതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.
പ്രകൃതി ക്ഷോഭത്തില്‍ ആകെ 12 പേരാണ് മരണപ്പെട്ടത്. കൊക്കയാര്‍ ഉരുള്‍ പൊട്ടലില്‍ അമ്ന സിയാദ് (7), അഫ്സാന ഫൈസല്‍ (8), അഫിയാന്‍ ഫൈസല്‍ (4), ഷാജി ചിറയില്‍ (55), ഫൗസിയ സിയാദ് (28), അമീന്‍ സിയാദ് (10), സച്ചു ഷാഹുല്‍ (7).ഒഴുക്കില്‍ പെട്ട് പീരുമേട് താലൂക്കിലെ ജോജോ വടശ്ശേരില്‍ (44), കൊക്കയാര്‍ വില്ലേജില്‍ ആന്‍സി ബാബു (50), ചേലപ്ലാക്കല്‍ എന്നിവരും തൊടുപുഴയില്‍ വാഹനം വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി ഉണ്ടായ അപകടത്തില്‍ കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണന്‍ (29) മൂവാറ്റുപുഴ സ്വദേശി നിമ വിജയന്‍ (31) എന്നിവരും ഉടുമ്പന്‍ചോല പൂപ്പാറയില്‍ ഒഴുക്കില്‍ പെട്ട് മോഹനന്‍ (62) എന്നിവരാണ് മരിച്ചത്.
ജില്ലയിലെ പ്രാഥമിക കണക്കുകള്‍ പ്രകാരം 151.34 ഹെക്ടര്‍ പ്രദേശത്തെ വിള നാശമാണ് രേഖപ്പെടുത്തിയത്. 4194 കര്‍ഷകരെയാണ് ഇത് ബാധിച്ചിട്ടുള്ളത്. ആകെ ഏഴു കോടി മൂന്ന് ലക്ഷത്തി അന്‍പത്തിനാലായിരം രൂപയുടെ നാശനഷ്ടമാണ് തിട്ടപ്പെടുത്തിയത്.
10,92,300 രൂപയുടെ നാശനഷ്ടമാണ് മൃഗ സംരംക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.
ജില്ലയില്‍ പി.ഡബ്ല്യു.ഡി റോഡുകള്‍ക്കുണ്ടായ ഏകദേശ നാശനഷ്ടം 55 കോടി രൂപയാണ്.
ജില്ലയില്‍ ആകെ 99.4 കോടി രൂപയുടെ നാശനഷ്ടം ചെറുകിട ജലസേചന വകുപ്പിന് ഉണ്ടായിട്ടുള്ളത്. കൂടാതെ സംരക്ഷണ ഭിത്തി തകര്‍ന്നു പോയതില്‍ 569,40,000 രൂപയടെ നാശനഷ്ടം നേരിട്ടിട്ടുള്ളതാണ്. കുടിവെള്ള പദ്ധതികള്‍ക്കായി വാട്ടര്‍ അതോരിറ്റിക്ക് ആകെ 1,19,49,000 രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ ആകെ 119 വീടുകള്‍ക്ക് പൂര്‍ണ്ണമായും 391 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളതായി പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളതാണ്. ഇവയുടെ നാശനഷ്ടം കണക്കാക്കി വരുന്നു. ഇതിന്റെ ഏകദേശ നഷ്ടം 15 കോടി രൂപയാണ്. പീരുമേട് താലൂക്ക് -പൂര്‍ണം – 100 , ഭാഗികം 256 ,ഇടുക്കി താലൂക്ക് – ഭാഗികം – 28 , തൊടുപുഴ താലൂക്ക് പൂര്‍ണ്ണം – 19 ഭാഗികം – 105, ഉടുമ്പന്‍ചോല താലൂക്ക് ഭാഗികം – 2
ജില്ലയില്‍ നിലവില്‍ 32 ദുരിതാശ്വാസ ക്യാമ്പുകളിലായി 651 കുടുംബങ്ങളിലെ 2146 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആയതില്‍ 867 പുരുഷന്മാര്‍ 911 സ്ത്രീകള്‍ 368 കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഇടുക്കി ഡാം തുറന്നത് സംബന്ധിച്ച് തുടങ്ങിയ 2 ക്യാമ്പുകള്‍ ഉള്‍പ്പെടുന്നു. പ്രസ്തുത ക്യാമ്പുകളില്‍ ആകെ 6 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.