പ്ലസ് വണ്‍: താൽക്കാലിക ബാച്ച് അനുവദിക്കും; എല്ലാവർക്കും പ്രവേശനമെന്ന് മന്ത്രി
തിരുവനന്തപുരം∙ പ്ലസ് വണ്‍ സീറ്റ് പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റ് ഒഴിവിന്റെ കണക്കെടുത്തതായി ശിവന്‍കുട്ടി നിയമസഭയിൽ അറിയിച്ചു. പൂർണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. നിലവില്‍ 20% സീറ്റ് വര്‍ധന നൽകിയ ജില്ലയില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ് വര്‍ധന കൂടി അനുവദിക്കും.
മുന്‍പ് മാര്‍ജിനല്‍ സീറ്റ് വര്‍ധന നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20% അല്ലെങ്കില്‍ 10% സീറ്റ് വര്‍ധന അനുവദിക്കും. അപേക്ഷിക്കുന്ന എയ്ഡഡ്/അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 20% അല്ലെങ്കില്‍ 10% സീറ്റ് വര്‍ധിപ്പിക്കും.
സീറ്റ് വര്‍ധനയിലൂടെ പരിഹരിക്കപ്പെടാത്ത പക്ഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മുഴുവൻ എ പ്ലസ് ലഭിച്ചവരിൽ ഇനിയും പ്ലസ് വൺ പ്രവേശനം ലഭിക്കാത്തത് 5812 കുട്ടികൾക്കാണെന്നും ഇവർ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ സീറ്റ് കിട്ടുമെന്നും മന്ത്രി ഉറപ്പുനൽകി.
English Summary: Education Minsiter on Plus One Seat Allotment