കോട്ടമൺപാറയിലെ രാജാംപാറ വനമേഖലയ്ക്കുള്ളിൽ ഉരുൾപൊട്ടി; ഒരു കാർ ഒഴുകിപോയി
പത്തനംതിട്ട∙ ആങ്ങമൂഴി കോട്ടമൺപാറ രാജാംപാറ വനമേഖലയ്ക്കുള്ളിൽ ഉരുൾപൊട്ടി. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു കാർ ഒഴുകി പോയി. കോട്ടമൺപാറ പാലത്തിന്റെ അപ്രോച്ച് റോഡും ശക്തമായ വെള്ളപ്പാച്ചിലിൽ തകർന്നു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചു. റാന്നി കുരുമ്പൻമുഴി ഭാഗത്തും ഉരുൾപൊട്ടി. കുരുമ്പൻമുഴി കോസ് വേ വെള്ളത്തിൽ മുങ്ങി. കൈത്തോടുകൾ നിറഞ്ഞൊഴുകുകയാണ്.
പ്ലാപ്പള്ളി ഭാഗത്ത് വനത്തിലും ഉരുൾപൊട്ടലുണ്ടായതായി സംശയമുണ്ട്. പ്ലാപ്പള്ളി – ആങ്ങമൂഴി തോട് കരകവിഞ്ഞു. കോന്നി താലൂക്കിൽ കഴിഞ്ഞ രണ്ടു മണിക്കൂറിൽ 7.4 സെന്റിമീറ്റർ മഴ പെയ്തു. ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്.
കോട്ടയം മുണ്ടക്കയം വണ്ടൻ പതാലിലും ഉരുൾപൊട്ടലുണ്ടായി. ആളപായം ഇല്ല. മുണ്ടക്കയം, കൂട്ടിക്കൽ മേഖലയിൽ വൈകിട്ട് മൂന്നു മണി മുതൽ കനത്ത മഴയാണ്. മുണ്ടക്കയം കോസ് വേ മുങ്ങുന്നു. മണിമലയാറ്റിൽ വെള്ളം ജലനിരപ്പ് ഉയർന്നു. ജില്ലയിൽ ചെറുതോടുകൾ കരകവിഞ്ഞു.