നവദർശനഗ്രാം ലഹരി ചികിത്സ കേന്ദ്രത്തിന്റെ സ്ഥാപക പിതാവിന് ഹൃദയംഗമമായ ആദരാഞ്ജലികൾ
വൈദികൻ ആവുക എന്ന ദൈവവിളി സ്വീകരിച്ചു മാനവ സേവനത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ കണ്ണീർകയത്തിലും ദുരിതത്തിലും പിടഞ്ഞ് തീരുന്ന ജീവിതങ്ങൾക്ക് അത്താണി ആവണമെന്ന ദീർഘവീക്ഷണത്തോടെ തന്റെ കർത്തവ്യം ഏറ്റെടുത്ത ക്രാന്ത ദർശി ആയിരുന്നു പ്രിയപ്പെട്ട ഫാ. ജോസഫ് വലിയതാഴത്ത്. അപ്രകാരം തന്നെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി ആസക്തി എന്ന മഹാ വിപത്തിനെതിരെ പോരാടുവാൻ അദ്ദേഹം തന്റെ ജീവിതം മുഴുവനും ഉഴിഞ്ഞുവെച്ചു. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത തട്ടകം ഏറെ എളുപ്പം ആരും തിരഞ്ഞെടുക്കാൻ ഇടയില്ലാത്ത ഇടുക്കി എന്ന മലയോരമേഖല ആയിരുന്നു. ആ മഹാ മനസ്സിന് അതിന് ഒരു കോടി നന്ദി.
തന്റെ സേവനത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ കോട്ടയത്ത് അദ്ദേഹം 1984 ൽ സ്ഥാപിച്ച ദർശന കൾച്ചറൽ സെന്ററിന്റെ പ്രവർത്തനങ്ങളുമായി ആയി മുന്നോട്ടു പോകുമ്പോൾ ആയിരുന്നു ഇപ്രകാരം ലഹരിക്കെതിരെ പോരാടാനുള്ള ഉദ്യമം അദ്ദേഹം ഏറ്റെടുത്തത്. സ്വയം താല്പര്യത്തിൽ നിന്നോ,സ്വന്തം അറിവിൽ നിന്നോ ഈ മേഖലയിൽ സേവനം ചെയ്യുവാൻ അദ്ദേഹം ആഗ്രഹിച്ചില്ല. ലഹരി ആസക്തിയെ കുറിച്ചും അതിന്റെ ആധികാരികവും ശാസ്ത്രീയവുമായ, എല്ലാം വശങ്ങളെക്കുറിച്ചും മനസ്സിലാക്കുവാനും, അറിയുവാനും രണ്ടുവർഷം ന്യൂയോർക്കിലുള്ള ഡേ റ്റോപ് എന്ന ലഹരി ചികിത്സ സ്ഥാപനത്തിൽ അച്ഛൻ വിദ്യാർത്ഥി ആയിരിക്കുകയും സേവനം ചെയ്യുകയും ചെയ്തു. അതിനുശേഷം കേരളത്തിൽ തിരിച്ചുവന്നു 1999 സെപ്റ്റംബർ 26 ന് ഇടുക്കിയിലെ പുളിയന്മല എന്ന സ്ഥലത്ത് നവദർശർശനഗ്രാം എന്ന സ്ഥാപനം ആരംഭിച്ചു. അന്നുമുതൽ അവസാന ശ്വാസം വരെയും തന്റെ പ്രാണനും ജീവിതവും നവദർശനഗ്രാം എന്ന ലഹരി ചികിത്സാലയം ആയിരുന്നു. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനം 2008 ഓടുകൂടി സെൻട്രൽ ഗവൺമെൻറ് ഗ്രാൻഡ് ഓടുകൂടി പ്രവർത്തിക്കാൻ തക്കവിധത്തിൽ പ്രാപ്തമായി. അതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നം ഇത്തരുണത്തിൽ കൃതജ്ഞതയോടെ അനുസ്മരിക്കുന്നു.
ന്യൂയോർക്കിലെ ഡേ റ്റോപ്പ് വില്ലേജ് എന്ന സ്ഥാപനം 40 വർഷത്തെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത തെറാപൂടിക് കമ്മ്യൂണിറ്റി(Tc) എന്നറിയപ്പെടുന്ന എന്ന ചികിത്സാ സമ്പ്രദായം ആണ് നവദർശനയിൽ അവലംബിച്ചിരിക്കുന്നത്. ഈ ചികിത്സാരീതി സുവ്യക്തമായി പഠിച്ചു പ്രാബല്യത്തിൽ വരുത്തി അദ്ദേഹം ലഹരി ചികിത്സാരംഗത്ത് ഒരു നവീന രീതി പരിചയപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ സേവനം വഴി ആയിരക്കണക്കിന് ലഹരിക്ക് അടിമപ്പെട്ടവരെ കൈപിടിച്ചുയർത്താനും അതുവഴി അവരുടെ കുടുംബാംഗങ്ങളും അതോടൊപ്പം ഒരു സമൂഹവും സമാധാനവും സ്വസ്ഥവുമായ അന്തരീക്ഷത്തിലൂടെ കടന്നുപോകുവാനും സാധിക്കുന്നു. നവദർശനഗ്രാം സ്ഥാപിതമായ അന്നുമുതൽ ശാരീരികമായ പരിമിതികൾ അദ്ദേഹത്തെ കഠിനമായി അലട്ടുന്നത് വരെയും ഏകദേശം 1999 -2017 വരെ അദ്ദേഹം ഈ സ്ഥാപനത്തിന്റെ ഡയറക്ടർ ആയി സേവനമനുഷ്ടിച്ചു. വിശ്രമവേളയിലും നവദർശനഗ്രാമിനു ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും ലഹരി ആസക്തിയെ കുറിച്ച് പുസ്തക രചനയിൽ ഏർപ്പെട്ടുo ലഹരി ചികിത്സ കഴിഞ്ഞവർക്ക് അ ആവശ്യമായ തുടർ നിർദ്ദേശം നൽകിയും അദ്ദേഹത്തിൻറെ ജീവിതം കർമ്മനിരത മായിരുന്നു. സമൂഹത്തിനു അദ്ദേഹം നൽകിയ സേവനങ്ങളെ പ്രകീർത്തിച്ചു നിരവധി പുരസ്‌കാരങ്ങൾ വിവിധ മേഖലകളിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.