നാട്ടുവാര്‍ത്തകള്‍
ജോണിക്കടപ്പാലത്തിൽ വെള്ളം; അഞ്ചുരുളിയിലേക്ക് എത്തിയ വിനോദ സഞ്ചാരികൾ വഴിയിൽ കുടുങ്ങി
കട്ടപ്പന∙ കനത്ത മഴയെത്തുടർന്ന് അഞ്ചുരുളിയിലേക്കുള്ള ജോണിക്കട പാലത്തിൽ വെള്ളം കയറുകയും അഞ്ചിടത്ത് മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തതോടെ മേഖല ഒറ്റപ്പെട്ടു. അഞ്ചുരുളിയിലേക്ക് എത്തിയ വിനോദ സഞ്ചാരികളും വഴിയിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ മുതൽ നിർത്താതെ മഴ പെയ്തതോടെയാണ് ഉച്ചയായപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായത്. രാവിലെ മുതൽ അഞ്ചുരുളിലേക്ക് ഒട്ടേറെ വിനോദ സഞ്ചാരികൾ ആളുകൾ എത്തിയിരുന്നു.
എന്നാൽ മഴ ശക്തമായതോടെ ഇവരിൽ ഭൂരിഭാഗവും മടങ്ങി. ഇതേതുടർന്നാണ് ജോണിക്കട പാലത്തിൽ വെള്ളം കയറിയത്. കൂടാതെ ഈ റോഡിലെ അഞ്ചോളം സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു വീണും ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് ഇവ നീക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. നീരൊഴുക്ക് വർധിച്ചതോടെ അഞ്ചുരുളി തുരങ്കം ഏകദേശം നിറഞ്ഞാണ് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം എത്തിയിരുന്നത്.