റോഡ് നവീകരണത്തിനായി മുറിച്ചുമാറ്റി ലേലത്തിനായി സൂക്ഷിച്ചിരുന്ന ടൺ കണക്കിന് സർക്കാർ തടി സ്വകാര്യ ഏലം ഡ്രയർ ഉടമകൾ കടത്തിക്കൊണ്ടുപോയി

കട്ടപ്പന-കുമളി റോഡിലെ എട്ടാം മൈൽ ഭാഗത്തുനിന്ന് പൊതുമരാമത്ത് വകുപ്പ് മുറിച്ചുമാറ്റിയ തടികളാണ് പമ്പുപാറയിൽ റോഡരികിൽ നിന്ന് അനധികൃതമായി കടത്തിയത്. നാല് ലോഡിലധികം വരുന്ന തടി ലോറികളിൽ കയറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ആരും സ്ഥലത്തെത്തിയില്ലെന്ന് പരാതിയുണ്ട്.
റോഡരികിൽ അട്ടിയായി സൂക്ഷിച്ചിരുന്ന തടികൾ ഡ്രയർ ഉടമകൾ കടത്തുന്നത് കണ്ട് നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല. പിന്നീട് ഫോണിലൂടെ ഉദ്യോഗസ്ഥർ ഡ്രയർ ഉടമയുമായി ബന്ധപ്പെട്ടതിനെത്തുടർന്ന്, കടത്തിക്കൊണ്ടുപോയ തടിയിൽ ഒരു ലോഡ് മാത്രം തിരികെ കൊണ്ടുവന്നിട്ടു. ബാക്കിയുള്ള തടികൾ കടത്തിയ സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
സർക്കാർ മുതൽ പരസ്യമായി കടത്തിയിട്ടും അന്വേഷണത്തിന് പോലും ഉദ്യോഗസ്ഥർ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വൻതുക സർക്കാരിലേക്ക് ലഭിക്കേണ്ട മരങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കടത്താൻ ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികൾക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.
















































































































