Idukki വാര്‍ത്തകള്‍
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇടുക്കി, തിരുപ്പൂർ ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത അന്തർ സംസ്ഥാന ബോർഡർ സെക്യൂരിറ്റി മീറ്റിംഗ് തമിഴ്‌നാട്ടിലെ ഉടുമൽപേട്ട മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടത്തി

തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കേരള- തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇരു ജില്ലകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുകയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം. തിരുപ്പൂർ ജില്ലാ കളക്ടർ മനീഷ് നർണവാരെ ഐ.എ.എസ്, ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഐ.എ.എസ്, തിരുപ്പൂർ ജില്ലാ പോലീസ് സൂപ്രണ്ട് യാദവ് ഗിരീഷ് അശോക് ഐ.പി.എസ്, ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവേൽ പോൾ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
യോഗത്തിൽ തിരുപ്പൂർ ജില്ലാ റവന്യൂ ഓഫീസർ കാർത്തികേയൻ, ജില്ലാ വനം ഓഫീസർ അജേഷ് എന്നിവരും ഇരു ജില്ലകളിലെയും എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഐ.എ.എസ്, ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവേൽ പോൾ എന്നിവരെ ഉപഹാരം നൽകി യോഗത്തിൽ ആദരിച്ചു.









































































