പുരാവസ്തു തട്ടിപ്പ് വിഷയത്തിൽ സഭയിൽ വാഗ്വാദം; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് വിഷയത്തില്‍ സഭയില്‍ വാഗ്വാദം. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ മുഖ്യമന്ത്രി നിയമസഭയില്‍ പരോക്ഷമായി പരിഹസിച്ചിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോയത് സുഖചികിത്സയ്ക്കല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മോന്‍സണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ ന്യായീകരിച്ചു. കോസ്‌മെറ്റിക് ചികിത്സയ്ക്ക് പോകുന്നത് തെറ്റല്ലെന്ന് വി.ഡി സതീശന്‍ സഭയില്‍ പറഞ്ഞു. സിനിമാ താരങ്ങളും സ്ത്രീകളും മാത്രമല്ല പുരുഷന്‍മാരും പോകും. വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞ് ആരെങ്കിലും മുഖം കൊണ്ട് കൊടുക്കുമോ എന്ന് വി.ഡി സതീശന്‍ ചോദിക്കുന്നു.
ജനപ്രതിനിധികളും മറ്റും ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുക്കും. പിന്നീടവര്‍ കേസുകളില്‍ പെട്ടാല്‍ ജനപ്രതിനിധികള്‍ക്കും ആ കച്ചവടത്തില്‍ പങ്കുണ്ടെന്ന് പറയാന്‍ കഴിയുമോ ? മോന്‍സന്റെ കൂടെയുള്ള മുന്‍ മന്ത്രിമാരുടെ ഫോട്ടോകളും വന്നിട്ടുണ്ട്. പക്ഷേ പ്രതിപക്ഷം അത് ആയുധമാക്കിയിട്ടില്ലെന്നും വി.ഡി സതീശന്‍ പറയുന്നു. ഫോട്ടോ വന്നതിന്റെ പേരില്‍ പൊതു പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയമായി ഉപയോഗിക്കുകയാണെങ്കില്‍ അങ്ങനെ തന്നെ നേരിടുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.