റേഷനൊപ്പം പലവ്യഞ്ജനങ്ങളും; റേഷൻകടകളുടെ സൗകര്യം വികസിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം∙ റേഷൻകടകളിലൂടെ പലവ്യഞ്ജന സാധനങ്ങളും വിതരണം ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നതായി ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. ഇതിനായി റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കും. ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള കമ്മിഷൻ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നൽകാൻ കഴിയില്ല. അതൊരു സേവനമായി കാണമെന്നാണ് അഭ്യർഥിക്കാനുള്ളതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നുകൊണ്ടാണ് സംസ്ഥാനത്ത് അതിജീവനക്കിറ്റ് വിതരണം ചെയ്തത്. ആ അവസ്ഥ മാറിവരുന്ന സാഹചര്യത്തിൽ സൗജന്യ കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.
മുൻഗണന കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് ഒക്ടോബർ 15വരെ പിഴകൂടാതെ സറണ്ടർ ചെയ്യാം. അതിനുശേഷം കണ്ടെത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. സംസ്ഥാനത്തിന്റെ മുൻഗണനാ പരിധി വർധിപ്പിച്ച് നൽകുന്നതിനു കേന്ദ്രസർക്കാരിനോട് നിരന്തരം ആഭ്യർഥിക്കുന്നുണ്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടാകുന്നില്ല. ഗുരുതര ശാരീരിക മാനസിക പ്രശ്നമുള്ള അംഗങ്ങൾ ഉൾപ്പെട്ട കുടുംബങ്ങളെ പ്രത്യേക പരിഗണന നൽകി മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന കുടുംബങ്ങളിലെ ആർക്കെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരെയും പ്രത്യേകമായി പട്ടികയിൽ ഉൾപ്പെടുത്താൻ സിവിൽ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
English summary: G.R Anil on Assembly session.