ടെറസിനുമുകളില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസുകാരന്‍ മരിച്ചു
നെടുങ്കണ്ടം: ടെറസിന്റെ മുകളില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി 13 വയസുകാരന്‍ മരിച്ചു. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡ് (അപ്പു-13) ആണ് മരിച്ചത്. ജെറോള്‍ഡിന്റെ കാലിലും കയര്‍ വലിഞ്ഞു മുറുകിയ നിലയിലാണു കണ്ടെത്തിയത്. ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിലാണ് അപകടം നടന്നത്.
കഴിഞ്ഞ ഒരു മാസമായി ജെറോള്‍ഡ് നെടുങ്കണ്ടത്തെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയതെന്നാണു പ്രാഥമിക നിഗമനമെങ്കിലും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജെറോള്‍ഡിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു ശേഷം വീടിന്റെ ടെറസിലാണു സംഭവം. ജെറോള്‍ഡിന്റെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ വീടിന്റെ താഴത്തെ നിലയില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. ബിജുവിന്റെ സഹോദരിയും വീടിനുള്ളിലായിരുന്നു. സഹോദരിയുടെ ഭര്‍ത്താവ് ബിജു ലൂക്കോസ് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷക്കായുള്ള
പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ്.
ഇവരുടെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞിട്ടും ജെറോള്‍ഡിനെ കാണാതെ വന്നതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ടെറസിനു മുകളില്‍ കയറില്‍ കുരുങ്ങിയ നിലയില്‍ മൂന്ന് മണിയോടെ
ജെറോള്‍ഡിനെ കണ്ടത്. സമീപത്തായി ഒരു കസേരയും കണ്ടെത്തി. വീട്ടുകാര്‍ അലറിക്കരഞ്ഞതോടെ പ്രദേശവാസികള്‍ ഓടിയെത്തി ഇതിനിടയില്‍ പ്രദേശത്തെ ഒരു വീട്ടമ്മയാണ് കുട്ടിയുടെ കാലിലെ കുരുക്ക് കണ്ടെത്തിയത്. ഇരു കാലുകളുമായി ബന്ധിച്ചിരുന്ന
ഈ കുരുക്ക് വീട്ടമ്മ അഴിച്ചുമാറ്റി. തുടര്‍ന്നു നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയ ശേഷം മൃതദേഹം
ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്. സംഭവം നടന്ന വീടിന്റെ ടെറസില്‍ പോലീസ് പരിശോധന നടത്തി. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ടാസ്‌ക് നല്‍കിയതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. വാഴവര സെന്റ്. മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ജെറോള്‍ഡ്. ജെവിന്‍ ഏക സഹോദരനാണ്. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.