‘6 മാസത്തിനുള്ളില്‍ കോവിഡ് കുറയും; കേരളം തിരിച്ചുവരവിന്റെ പാതയില്‍’
ന്യൂഡല്‍ഹി∙ രാജ്യത്ത് അടുത്ത ആറു മാസത്തിനുള്ളില്‍ കോവിഡിന്റെ തീവ്രത കുറഞ്ഞു തുടങ്ങുമെന്ന് നാഷണല്‍ സെന്റര്‍ ഫോണ്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഡയറക്ടര്‍ ഡോ. സുജീത് സിങ്. മഹാമാരി നമ്മുടെ പല കണക്കുകൂട്ടലുകളും തെറ്റിച്ചിട്ടുണ്ടെങ്കിലും അടുത്ത ആറു മാസത്തിനുള്ളില്‍ തീവ്രത കുറയുമെന്നാണു കരുതുന്നതെന്നും എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗം സമൂഹത്തില്‍ തുടരുമെങ്കിലും ഫ്‌ളു പോലെ കൈാര്യം ചെയ്യാന്‍ എളുപ്പമാകുന്ന തരത്തിലേക്കു മാറുമെന്നു ഡോ. സുജീത് സിങ് പറഞ്ഞു. മരണനിരക്കും വ്യാപനത്തോതും കുറയ്ക്കാന്‍ കഴിഞ്ഞാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവും. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള കേരളം തിരിച്ചുവരവിന്റെ പാതയിലാണ്. വാക്‌സീനാണ് ഏറ്റവും വലിയ പ്രതിരോധമെന്നും സിങ് കൂട്ടിച്ചേര്‍ത്തു. 70 കോടി ആളുകള്‍ക്കു വാക്‌സീന്‍ നല്‍കിക്കഴിഞ്ഞു. വാക്‌സീന്റെ ഫലപ്രാപ്തി 70 ശതമാനം ആണെങ്കില്‍ 50 കോടി ആളുകള്‍ക്കും പ്രതിരോധ ശേഷി ലഭിച്ചുകഴിഞ്ഞു. ഒറ്റ ഡോസ് തന്നെ 30 ശതമാനത്തോളം പ്രതിരോധശേഷി നല്‍കും. ആദ്യ ഡോസ് ലഭിച്ച 30 കോടി പേര്‍ക്കും ഇത്രത്തോളം പ്രതിരോധശേഷിയുണ്ടെന്നും ഡോ. സിങ് പറഞ്ഞു.
വാക്‌സീനേഷനു ശേഷവും ആളുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മാസ്‌കും സാമൂഹിക അകലവും തുടരണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. 30 ശതമാനത്തോളം പേര്‍ക്ക് വാക്‌സീന്‍ എടുത്തതിനു ശേഷവും കോവിഡ് ബാധിക്കുന്നുണ്ട്. വൈറസിന്റെ പുതിയ വകഭേദമാണ് ഇതിനു കാരണം. വാക്‌സീന്‍ എടുത്ത് 70 മുതല്‍ 100 ദിവസത്തിനുള്ളില്‍ പ്രതിരോധ നിരക്ക് കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നതെന്നും ഡോ. സിങ് വിശദീകരിച്ചു. മൂന്നാം തരംഗം ശക്തമാകാന്‍ പാകത്തില്‍ ഇന്ത്യയില്‍ വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡോ. സിങ് വ്യക്തമാക്കി.
വൈറസിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ ശീലിക്കുന്നതോടെ ഇന്ത്യയില്‍ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥനും പറഞ്ഞിരുന്നു.