നാട്ടുവാര്‍ത്തകള്‍പീരിമേട്
പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി യുവാവ് മുറിച്ചു
പീരുമേട് ∙ പ്രണയാഭ്യർഥന നിരസിച്ച, 19 വയസ്സുള്ള പെൺകുട്ടിയുടെ മുടി യുവാവ് ബലമായി മുറിച്ചു കളഞ്ഞു. കരടിക്കുഴി എസ്റ്റേറ്റിൽ ഡിപ്ടീൻ ഡിവിഷനിലാണ് സംഭവം. ഇന്നലെ പകൽ എസ്റ്റേറ്റ് ലയത്തിലെ പെൺകുട്ടിയുടെ വീട്ടിൽ കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് യുവാവ് എത്തി പ്രണയാഭ്യർഥന നടത്തി.
തനിച്ചായിരുന്നതിനാൽ ഭയന്നു പോയ പെൺകുട്ടി പ്രതിരോധത്തിനായി കത്രിക എടുത്തെന്നും ഈ കത്രിക പിടിച്ചു വാങ്ങിയ യുവാവ് പെൺകുട്ടിയെ ബലമായി പിടിച്ചു നിർത്തി മുടി മുറിച്ചു മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു.
പെൺകുട്ടി ബഹളം കൂട്ടിയതോടെ യുവാവ് ഓടി മറഞ്ഞു. മുൻപു പല തവണ യുവാവ് ഇതേപോലെ സമീപിച്ചതായും അപ്പോഴൊക്കെ നിരസ്സിച്ചിരുന്നെന്നും പെൺകുട്ടി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. എസ്റ്റേറ്റിലെ താമസക്കാരനായ സുനിലിന് (23) എതിരെ പൊലീസ് കേസെടുത്തു.