ജനത്തിന് ആശ്വാസമേകാൻ തുറക്കുന്നു, 3 വഴിയിടങ്ങൾ
ജില്ലയിലെ 3 ‘വഴിയിട’ങ്ങൾ ഇന്നു തുറക്കുന്നു. ദേശീയ –സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുള്ള മേഖലകളിലും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏതു സമയത്തും ഉപയോഗിക്കത്തക്ക രീതിയിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ ഉന്നത നിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണു ‘ടേക് എ ബ്രേക്ക്’ പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്നത്.
സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി രണ്ടാംഘട്ടത്തിൽ പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 3നു മന്ത്രി എം.വി.ഗോവിന്ദൻ ഓൺലൈനായി നിർവഹിക്കും. പള്ളിവാസൽ പഞ്ചായത്തിലെ രണ്ടാംമൈൽ വ്യൂ പോയിന്റിൽ നിർമിച്ച കെഎസ്ആർടിസി ലോ ഫ്ലോർ ബസ് മാതൃകയിലുള്ള ടോയ്‌ലറ്റ് കോംപ്ലക്സ് എ.രാജ എംഎൽഎ തുറന്നുനൽകും.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പരുന്തുംപാറയിലാണു പീരുമേട് പഞ്ചായത്ത് വഴിയിടം ഒരുക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറിക്കൊപ്പം കോഫി പാർലർ റിഫ്രഷ്മെന്റ്‌സ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതു വാഴൂർ സോമൻ എംഎൽഎ സഞ്ചാരികൾക്കു സമർപ്പിക്കും. കരുണാപുരം പഞ്ചായത്തിലെ തൂക്കുപാലത്താണു മൂന്നാമത്തെ വഴിയിടം ഒരുക്കിയിട്ടുള്ളത്.
ഇവിടെയും ആധുനിക സംവിധാനങ്ങളോടു കൂടിയ ശുചിമുറികളും അനുബന്ധസൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. തൂക്കുപാലം കണ്ടെയ്ൻമെന്റ് പരിധിയിൽ വരുന്നതിനാൽ പ്രാദേശിക പരിപാടി ഇല്ല. ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി മുപ്പതോളം വഴിയോര വിശ്രമകേന്ദ്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഏറെ താമസിയാതെ ഇവയും പൊതുജനങ്ങൾക്കായി തുറന്നുനൽകും.