വിവിധ ക്ഷേമപദ്ധതികളിലേക്ക് അപേക്ഷിക്കാം
വനിതാശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു . പടവുകള്‍, മംഗല്യ ,അഭയകിരണം, സഹായഹസ്തം, വനിതകള്‍ ഗൃഹനാഥരായുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
പടവുകള്‍-
വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പടവുകള്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ധനസഹായം. പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്ക് (MBBS ,ENGINEERING, BDS, BHMS,Bsc NURSING etc) ട്യൂഷന്‍ ഫീസ്,മെസ് ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയാണ് ലഭിക്കും. യോഗ്യത- മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടി സര്‍വകലാശാലകളുടെ അംഗീകാരമുള്ള മെഡിക്കല്‍ ,എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്നവരായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത് .
മംഗല്യ- സാധുക്കളായ വിധവകള്‍ക്കും നിയമപരമായി വിവാഹമോചനം നേടിയവര്‍ക്കും പുനര്‍വിവാഹത്തിന് 25000 രൂപ ധനസഹായം നല്‍കുന്നു. പുനര്‍വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ നല്‍കണം. 18 നും 50 നും മദ്ധ്യേ പ്രായമായ വിധവകളുടെ പുനര്‍വിവാഹത്തിനാണ് സഹായം ലഭിക്കുക. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളായ പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്, ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ,വിവാഹബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ് ,ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജ് ,റേഷന്‍കാര്‍ഡ് എന്നിവ ആവശ്യമാണ്
അഭയകിരണം- സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാത്ത അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്കുന്നു. വിധവകള്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. സര്‍വീസ് പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ കൈപറ്റുന്നവര്‍ ആവരുത് .വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കവിയരുത്. പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടാകാന്‍ പാടില്ല
സഹായഹസ്തം- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെയുള്ള വിധവകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി ഒറ്റതവണയായി നല്‍കുന്ന ധനസഹായം. ഗ്രാന്റ് ആയി 30000 രൂപ അനുവദിക്കും ഒറ്റക്കോ ഗ്രൂപ്പ് ആയോ സംരഭം നടത്താം. ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രം ഉള്ളവര്‍, പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവര്‍ എന്നിവര്‍ക്ക് മുന്ഗണന ലഭിക്കും. ഒരു ജില്ലയില്‍ നിന്നും 10 പേര്‍ക്കാണ് പദ്ധതി വഴി സഹായം ലഭിക്കുക