സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാം പരീക്ഷണ വിക്ഷേപണ ദൗത്യവും പരാജയം


സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാം പരീക്ഷണ വിക്ഷേപണ ദൗത്യവും പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. വിക്ഷേപണം സുഗമമായിരുന്നുവെങ്കിലും പ്രതീക്ഷിച്ച സ്പാഷ്ഡൗണിനു മുമ്പ് ആദ്യഘട്ട സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ പൊട്ടിത്തെറിച്ചു. റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. പേലോഡ് വാതിലുകള്‍ തുറക്കാന്‍ കഴിയാതെ വന്നതിനാല്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. സ്റ്റാര്‍ഷിപ്പിന്റെ ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായെന്നും സ്പേസ് എക്സ് സ്ഥിരീകരിച്ചു.
ശക്തമായ റാപ്പറ്റര്‍ എഞ്ചിനുകളുടെ കരുത്തോടെ റോക്കറ്റ് കുതിച്ചുയരുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തന്നെ ഫസ്റ്റ് സ്റ്റേജ് റോക്കറ്റ് അപ്പര്‍ സ്റ്റേജ് സ്റ്റാര്‍ഷിപ്പ് വാഹനത്തില്‍ നിന്ന് വേര്‍പെട്ടു. ഇതെല്ലാം വളരെ സുഗമമായി നടന്നത് ലോകത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി സ്പാഷ്ഡൗണിനു മുമ്പ് ആദ്യഘട്ട സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ പൊട്ടിത്തെറിക്കുകയും റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പതിക്കുകയും ചെയ്തു.
പൊട്ടിത്തെറിയുണ്ടായതായും റോക്കറ്റുമായുള്ള ബന്ധം നഷ്ടമായതായും സ്‌പേസ് എക്‌സ് എക്‌സില്‍ കുറിച്ചു. അതേസമയം കഴിഞ്ഞ രണ്ട് പരീക്ഷണ വിക്ഷേപണ ദൗത്യങ്ങളേക്കാളേറെ പുരോഗതി ഇത്തവണ ഉണ്ടായെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് പ്രതികരിച്ചു.