‘ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം’; മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് തുര്‍ക്കി


ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് തുര്‍ക്കി. മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് രജബ് തയ്യിബ് എര്‍ദോഗന്‍.
പാകിസ്താന് തുര്‍ക്കി ആയുധം നല്‍കുന്നുവെന്ന ആരോപണവും എര്‍ദോഗന്‍ നിഷേധിച്ചു. കൂടുതല്‍ ഗുരുതരമായ ഒരു സാഹചര്യത്തിലേക്ക് പരിണമിക്കുന്നതിന് മുമ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ശമിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് തുര്‍ക്കി വ്യക്തമാക്കുന്നത്. അങ്കാരയില്‍ ക്യാബിനറ്റ് മീറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു എര്‍ദോഗന്‍. തങ്ങളുടെ മേഖലയിലും അതിനപ്പുറത്തും പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്ന് തുര്‍ക്കി ഊന്നിപ്പറയുന്നു
എര്‍ദോഗനും അദ്ദേഹത്തിന്റെ സര്‍ക്കാരും പാകിസ്താാന് പിന്തുണ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുര്‍ക്കി വ്യോമസേനയുടെ 7 സി 130 ഹെര്‍ക്കുലീസ് വിമാനങ്ങള്‍ പാകിസ്താന് വിട്ടുകൊടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 7 വിമാനങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും ഇതില്‍ 6 വിമാനങ്ങള്‍ കറാച്ചിയിലും ഒരു വിമാനം ഇസ്ലാമാബാദിലുമാണ് വിന്യസിച്ചിട്ടുള്ളതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതാണിപ്പോള്‍ എര്‍ദോഗന്‍ തള്ളിയത്.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്തെത്തി. പാകിസ്താന്‍ തെമ്മാടി രാജ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്വര്‍ക്കിന്റെ രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമര്‍ശനമുന്നയിച്ചത്. പാകിസ്താന്‍ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാന്‍ അവര്‍ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരുന്നത് എന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ വാക്കുകളിലൂടെ കഴിഞ്ഞ ദിവസം പ്രകടമായതാണ് എന്നാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ യോജ്ന പട്ടേല്‍ വിമര്‍ശിച്ചത്. ഇതിനെ ഒരു തുറന്ന കുറ്റസമ്മതം എന്നാണ് യോജ്ന പട്ടേല്‍ വിമര്‍ശിച്ചത്.