പ്യൂമയുടെ 300 കോടി കരാര്‍ നിരസിച്ച് വിരാട് കോലി; പിന്‍മാറ്റം ഇന്ത്യന്‍ കമ്പനിയുടെ ഇടപെടലില്‍


ലോകോത്തര സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന ബ്രാന്‍ഡ് ആയ പ്യൂമ ഓഫര്‍ ചെയ്ത 300 കോടിയുടെ കരാര്‍ നിരസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ വിരാട് കോലി. നിലിവില്‍ പ്യൂമയുമായി ഉണ്ടായിരുന്ന 110 കോടിയുടെ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് മുന്‍ഇന്ത്യന്‍ ക്യാപ്റ്റന് എട്ട് വര്‍ഷത്തേക്ക് 300 കോടിയുടെ കരാര്‍ കമ്പനി ഓഫര്‍ ചെയ്തത്. എന്നാല്‍ കരാറുമായി മുന്നോട്ട് പോകേണ്ടതില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിരാട് കോലി ഇന്ത്യന്‍ സ്‌പോര്‍ട് ഉല്‍പ്പന്ന കമ്പനിയായ അജിലറ്റാസുമായി പുതിയ കരാര്‍ ഉറപ്പിക്കാന്‍ പോകുകയാണെന്നാണ് വിവരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും. അതേ സമയം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമെന്ന നിലയില്‍ വിരാട് കോലിക്ക് പ്യൂമ നല്‍കിയത് വലിയ ഓഫര്‍ വാഗ്ദാനമാണ്. അദ്ദേഹത്തിന് കായിക ലോകത്ത് ഇപ്പോഴും നിലനില്‍ക്കുന്ന വിപണനക്ഷമതയും സ്വാധീനവും തെളിവായാണ് ഇതിനെ ആരാധകര്‍ വിലയിരുത്തുന്നത്. എട്ട് വര്‍ഷത്തേക്ക് 300 കോടി രൂപ കരാര്‍ പ്രകാരം പ്രതിവര്‍ഷം ഏകദേശം 37.5 കോടി രൂപയായിരിക്കും താരത്തിന് പ്യൂമ നല്‍കുക. അപൂര്‍വ്വം കായികതാരങ്ങള്‍ക്ക് മാത്രം പ്യൂമ മുന്നോട്ടുവെക്കുന്ന ഓഫര്‍ ആണ് വിരാട് നിരസിച്ചിരിക്കുന്നത്.