വാഗമൺ കുരിശുമലയിൽ നോമ്പുകാല തീർഥാടനം തുടങ്ങി.


11ന് 40-ാംവെള്ളി, 18ന് ദുഃഖവെള്ളി ആചരണവും 27ന് പുതുഞായർ തിരുനാളും നടക്കും. വെള്ളി രാവിലെ ഒമ്പതിന് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം ഇടവകകളുടെ കുരിശിന്റെ വഴി, 10.30ന് മലമുകളിലെ പള്ളിയിൽ കുർബാനയും നേർച്ചക്കഞ്ഞി വിതരണവും, പാലാ രൂപതാ വികാരി ജനറൽ ഫാ. ജോസഫ് കണിയോടിക്കൽ നേതൃത്വം നൽകും. ദുഃഖവെള്ളി ദിനത്തിൽ രാവിലെ ആറുമുതൽ നേർച്ചക്കഞ്ഞി വിതരണം, 7.30ന് മലയടിവാരത്തെ പള്ളിയിൽ പീഡാനുഭവ വായന, ഒമ്പതിന് കുരിശിന്റെ വഴി. 25ന് വൈകിട്ട് 5.30ന് പുതുഞായർ തിരുനാൾ കൊടിയേറ്റ്, 27ന് രാവിലെ 6.30 മുതൽ വൈകിട്ട് നാല് വരെ തീർഥാടക പള്ളിയിൽ കുർബാന, രാവിലെ 10ന് മലയടിവാരത്തെ പള്ളിയിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ കുർബാന. ഈ ദിവസങ്ങളിൽ കട്ടപ്പന, പാലാ, ഈരാറ്റുപേട്ട, മൂലമറ്റം ഡിപ്പോകളിൽനിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. എല്ലാദിവസവും രാത്രികാലങ്ങളിൽ കുരിശുമല കയറാൻ സൗകര്യമുണ്ട്. തീർഥാടകർക്കായി കുടിവെള്ളം, വിശ്രമ സ്ഥലങ്ങൾ, ശുചിമുറി സൗകര്യം എന്നിവ ഏർപ്പെടുത്തി. ദുഃഖവെള്ളി ദിനത്തിൽ വാഗമൺ–കുരിശുമല റോഡിൽ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടത്തിവിടില്ല. തീർഥാടകർ വഴിക്കടവിൽനിന്ന് കാൽനടയായോ ചെറുവാഹനങ്ങളിലോ എത്തണം. തിരക്കേറുന്ന സമയങ്ങളിൽ കുരിശുമലയിൽനിന്ന് കൂപ്പ്-–കോലാഹലമേട് റൂട്ടിൽ വാഹനങ്ങൾ തിരിച്ചുവിടും. വാഹന പാർക്കിങ്ങിന് കൂടുതൽ മൈതാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഫാ. ആന്റണി വാഴയിൽ, സോണി വെളിയത്ത്, ജോയിസ് കൊച്ചുമഠത്തിൽ, സ്റ്റീഫൻ ഷിബാഭവൻ എന്നിവർ പങ്കെടുത്തു.