കട്ടപ്പന നഗരസഭയിൽ ശുചിത്വ പ്രഖ്യാപന സദസ്സ് സംഘടിപ്പിച്ചു


കട്ടപ്പന നഗരസഭയിൽ ശുചിത്വ പ്രഖ്യാപന സദസ്സ് സംഘടിപ്പിച്ചു. ചെയർപേഴ്സൺ ബീന ടോമി മാലിന്യമുക്ത നഗരസഭ പ്രഖ്യാപനം നടത്തി. യോഗത്തിന് മുന്നോടിയായി ‘കമനീയം കട്ടപ്പന മഹനീയം കേരളം’ എന്ന സന്ദേശം ഉയർത്തി ടൗണിൽ സന്ദേശ റാലിയും നടത്തി.
മാലിന്യമുക്ത നവകേരളം ക്യാമ്പയ്ന്റെ ഭാഗമായി സംസ്ഥാനതലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി മാലിന്യ നിക്ഷേപത്തിന് എതിരെ സന്ദേശം നൽകിക്കൊണ്ടുള്ള റാലി നഗരസഭാ ചെയർപേഴ്സൺ ബീനാറ്റോമി ഫ്ലാഗ് ഓഫ് ചെയ്തു . കട്ടപ്പന സബ് ഇൻസ്പെക്ടർ അഭിജിത്ത് സന്ദേശം നൽകി.
തുടർന്ന് നടന്ന ശുചിത്വ പ്രഖ്യാപന സദസ്സിൽ കട്ടപ്പന നഗരസഭയെ മാലിന്യമുക്ത നഗരസഭയായി ചെയർപേഴ്സൺ ബീനാ റ്റോമി പ്രഖ്യാപിച്ചു. യോഗത്തിൽ മാലിന്യ സംസ്കരണ രംഗത്ത് മികവ് പുലർത്തിയ വിവിധ ആളുകളെ അനുമോദിച്ചു.
വൈസ് ചെയർമാൻ കെ ജെ ബെന്നി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ സിബി പാറപ്പായി, ജാൻസി ബേബി, ലീലാമ്മ ബേബി, മനോജ് മുരളി, ഐബിമോൾ രാജൻ , മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് എന്നിവർ സംസാരിച്ചു, മറ്റ് നഗരസഭ അംഗങ്ങൾ, ഉദ്യോഗസ്ഥർ , ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.