സഹോദരനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


സഹോദരൻ അരുണിനെ മരവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അടിമാലി ആനവിരട്ടി ചുട്ടിശ്ശേരിൽ വീട്ടിൽ പൗലോസ് മകൻ മനു എന്ന് വിളിക്കുന്ന അൻവിൻ പോളിനെ ജീവപര്യന്തം തടവിന് വിധിച്ച് കോടതി. തൊടുപുഴ അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പി എൻ സീതയാണ് പ്രതിക്കുള്ള ശിക്ഷാ വിധി പ്രസ്താവിച്ചത് .
2016 ആഗസ്ത് മാസം 28 നാണ് കേസിനാസ്പദമായ സംഭവം. മരണപ്പെട്ട അരുണും ഇളയസഹോദരൻ അൻവിനും മദ്യപാനികളും പരസ്പരം കലഹത്തിൽ കഴിഞ്ഞുവന്നിരുന്നവരുമാണ്. സംഭവദിവസം സമീപത്ത് ഒരു കല്യാണവീട്ടിൽ നിന്ന് മദ്യപിച്ചുവീട്ടിലെത്തിയ അരുൺ അൻവിനുമായി വഴക്കുണ്ടാവുകയും അതിലുണ്ടായ വിരോധം കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു.
മരണപ്പെട്ട അരുണും അൻവിനുമല്ലാതെ ഇരുവരുടെയും പിതാവ് പൗലോസ് മാതാവ് ലിസി എന്നിവരാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. സമീപത്ത് താമസക്കാരായ ലിസിയുടെ സഹോദരൻ ഷാജി ഭാര്യ റീന എന്നിവരായിരുന്നു മറ്റ് പ്രധാനസാക്ഷികൾ.
കേസിന്റെ വിസ്താരമധ്യേ പിതാവ് പൗലോസും മാതൃസഹോദരൻ ഷാജിയും മരണപ്പെട്ടതോടെ മാതാവ് ലിസ്സിയും സഹോദരഭാര്യയും കൂറുമാറുകയും പിതാവ് പൗലോസുമായുണ്ടായ പ്രശ്നത്തിലാണ് അരുൺ കൊല്ലപ്പെട്ടത് എന്ന് നിലപാടെടുത്തതും പ്രോസിക്യൂഷന് തലവേദന സൃഷ്ടിച്ചിരുന്നു. എന്നാൽ മറ്റ് സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂറുമാറിയസാക്ഷികളുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. മരണപ്പെട്ട അരുണിനെ ചികിത്സിച്ച ഡോക്ടർ സംഭവസ്ഥലത്ത് വിവരമറിഞ്ഞെത്തിയ സമീപവാസികൾ മുതലായവരുടെ മൊഴികൾ കേസിൽ നിർണായകമായി. അടിമാലി സി ഐ മാരായിരുന്ന സാം ജോസ്, ടി എ യൂനസ്, പി കെ സാബു എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്.
പ്രൊസീക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് അഭിലാഷ് ഹാജരായി.