കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണന് സാവകാശം


കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണന് സാവകാശം നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. അടുത്തമാസം ഏഴിന് ശേഷം ഹാജരായാൽ മതിയെന്ന് ഇ ഡി അറിയിച്ചു. അടുത്തമാസം ആദ്യം നോട്ടീസ് നൽകും. കെ രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമർപ്പിക്കുക.
സാവകാശം നൽകുന്നതിന് മുൻപ് കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കണം എന്നും അതിനാൽ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം കെ രാധാകൃഷ്ണൻ എംപി ഹാജരാക്കിയിരുന്നു.
ഇഡിയുടെ ആവശ്യപ്രകാരം കെ രാധാകൃഷ്ണൻ്റെ സ്വത്ത് വിവരങ്ങളും അക്കൗണ്ട് വിവരങ്ങളുമാണ് കൈമാറിയത്. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്ന സമയത്ത് സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ. അതേസമയം, കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇ ഡി പറയുന്നത്. കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നുമാണ് ഇ ഡിയുടെ നിലപാട്.