മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും


മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന ധനവകുപ്പ് കേന്ദ്രത്തിന് നൽകണം. ഫണ്ട് വിനിയോഗ കാലാവധിയിൽ കേന്ദ്രം വ്യക്തത വരുത്തി. അതേമയം ദുരന്തബാധിതരുടെ വായ്പാ എഴുതിതള്ളൽ പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
മൊറട്ടോറിയം പോരായെന്ന് വ്യക്തമാക്കിയ കോടതി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ദുരിതബാധിതർക്ക് ബാങ്ക് ഓഫ് ബറോഡ നൽകിയ നോട്ടീസ് പിൻവലിച്ചുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു. ഒരു വർഷം മൊറട്ടോറിയം ശുപാർശ ബാങ്കേഴ്സ് സമിതി നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഒരു വർഷത്തിനു ശേഷം തിരിച്ചടവ് ആരംഭിച്ചാൽ മതിയെന്ന് നിർദേശം.
പുനരധിവാസത്തിൽ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി കേന്ദ്ര സർക്കാർ നീട്ടി യിരുന്നു. ഈ വർഷം ഡിസംബർ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടിയത്. ദുരന്തമേഖലയുടെ പുനർ നിർമ്മാണത്തിന് വേണ്ടി സംസ്ഥാനം സമർപ്പിച്ച 16 പദ്ധതികൾ അംഗീകരിച്ചാണ് കേന്ദ്ര ധനമന്ത്രാലയം 529.5 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം തന്നെ ഉപയോഗിക്കണം എന്ന നിബന്ധനയോടെയാണ് വായ്പ അനുവദിച്ചിരുന്നത്.