രൂപം മാറ്റല്ലേ, പിടിവീഴും;വാഹന രൂപമാറ്റത്തിൽനടപടി ശക്തമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്


തൊടുപുഴ: ജില്ലയിൽ രൂപമാറ്റം വരുത്തി നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ ശക്തമായ നടപടിക്ക് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾ ഉയർത്തുന്ന സുരക്ഷാ സാമൂഹിക പ്രശ്നങ്ങൾ രൂക്ഷമായത് കണക്കിലെടുത്താണ് നടപടി.
അടുത്ത ദിവസംമുതൽ തന്നെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ഇത്തരം വാഹനങ്ങൾക്കെതിരേ വഴിക്കണ്ണുമായി നിരത്തിലുണ്ടാകും. ജില്ലയിൽ തൊടുപുഴയടക്കമുള്ളയിടങ്ങളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നിരത്തിലൂടെ പായുന്നുണ്ട്. ഇത് അപകടങ്ങൾക്കും വഴിവെയ്ക്കാറുണ്ട്.
ഇനി പക്ഷേ, പിടിവീണാൽ പിഴയും വാഹന രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികളും നേരിടേണ്ടിവരും.
കുറ്റവും ശിക്ഷയും
രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കുള്ള കുറഞ്ഞ പിഴ 5000 രൂപയാണ്. മോട്ടോർ വാഹനവകുപ്പിന്റെ ഇ-ചെലാൻ ഉപയോഗിച്ചാൽ വാഹനത്തിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപവീതം പിഴയീടാക്കേണ്ടതായി വരും.
എന്നാൽ, വകുപ്പ് ഉദ്യോഗസ്ഥർ പലപ്പോഴും ഇതിന് മുതിരാറില്ല. പിഴയ്ക്ക് പുറമേ വാഹനങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനും വകുപ്പിന് അധികാരമുണ്ട്.
ബുൾബാറുകൾആളെക്കൊല്ലികൾ
എസ്.യു.വി.കളുടെയും കാറുകളുടെ മുൻവശത്തെ ബുൾ ബാറുകൾ(ക്രാഷ് ഗാർഡ്) അപകടങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്‌ധർ പറയുന്നു. ഇവ ഉപയോഗിക്കുന്ന വാഹനങ്ങൾ കാൽനട യാത്രക്കാരെ ഇടിച്ചാൽ അപകട തീവ്രത കൂടും. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാൽ ബുൾബാറുകൾ വാഹനങ്ങൾക്കുള്ളിലേക്ക് ഇടിച്ച് കയറുന്നതും അപകടങ്ങളുണ്ടാക്കും.
ലഭിക്കുന്നത് വൻ തുക
മോട്ടോർ വാഹനവകുപ്പിന്റെ ആറ് എൻഫോഴ്സ്മെൻറ് സ്ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. മാസം 15 മുതൽ 50 ലക്ഷംവരെ ഇവർ പിഴയിനത്തിൽ ഈടാക്കുന്നുണ്ട്. 736 കേസുകളാണ് ഇവർ കഴിഞ്ഞ ഒരുമാസത്തിനിടെ രജിസ്റ്റർ ചെയ്തത്.
നിയമലംഘനം അറിയിക്കാം
വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതും നിയമലംഘനം നടത്തുന്നതും ചിത്രങ്ങൾ സഹിതം പൊതുജനങ്ങൾക്കും തങ്ങളെ അറിയിക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. 9188961206 എന്ന നമ്പരിലാണ് നിയമ ലംഘനങ്ങൾ അറിയിക്കേണ്ടത്.
രക്ഷകരെയും പരിഗണിക്കണം
ഇടുക്കിയിലെ പ്രത്യേക സാഹചര്യത്തിൽ ചില വാഹനങ്ങൾ രൂപമാറ്റം വരുത്തിയാൽ മാത്രമേ ദുർഘടമായ പാതകയറി ചെല്ലാൻ സാധിക്കൂ. ഇത്തരം കേന്ദ്രങ്ങളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ സാന്നിധ്യമുണ്ട്.
ഇവരിൽ പലരും രജിസ്ട്രേഷൻ മുതലായവ എടുത്ത് പ്രവർത്തിക്കുന്നവരാണ്. വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവുമെല്ലാം നേരിട്ടപ്പോൾ ഇവർ നാടിനെ രക്ഷിക്കാൻ ഓടിയെത്തിയിരുന്നു. സർക്കാർ സംവിധാനങ്ങളും ഇവരുടെ സഹായം തേടിയിരുന്നു.
എന്നാൽ, റോഡിലിറങ്ങി അഭ്യാസം കാണിക്കാത്തവർ കൂടിയാണിവർ. അതിനാൽ തങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ട്.
26 അംഗങ്ങളാണ് കട്ടപ്പന ഓഫ് റോഡിലുള്ളത്. എല്ലാ വാഹനങ്ങളും ദുർഘട പാതകൾ താണ്ടാനും വെള്ളത്തിലിറങ്ങാനും പറ്റിയ രീതിയിൽ രൂപമാറ്റം വരുത്തിയിട്ടുണ്ട്. വഴിയിലെ തടസ്സങ്ങൾ നീക്കാനും വാഹനങ്ങൾ കെട്ടിവലിക്കാനും വിഞ്ചുകളും ഘടിപ്പിച്ചിട്ടുണ്ട്.
2018, 2019 വർഷങ്ങളിലെ പ്രളയത്തിലും പെട്ടിമുടി ദുരന്തത്തിലും രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി കട്ടപ്പന ഓഫ് റോഡ് വാഹനങ്ങൾ പങ്കെടുത്തു. അടിയന്തര ഘട്ടങ്ങളിലും മത്സരങ്ങൾക്കും മാത്രമാണ് തങ്ങൾ വാഹനങ്ങൾ രൂപമാറ്റം വരുത്തി രംഗത്ത് ഇറക്കുന്നത്.