നാട്ടുവാര്‍ത്തകള്‍
കുമളി പഞ്ചായത്തിൽ വീണ്ടും വെട്ടുകിളിശല്യം


കുമളി ∙ കൃഷി നശിപ്പിക്കാൻ സാധ്യതയുള്ള വെട്ടുകിളികളെ കുമളി പഞ്ചായത്തിൽ വീണ്ടും കണ്ടെത്തി. വെള്ളാരംകുന്ന് കരിക്കുഴിമേട്ടിലാണ് ഇത്തവണ വെട്ടുകിളികളെ കണ്ടെത്തിയത്. നേരത്തേ ചെങ്കര ആയമേട് ഭാഗത്ത് വെട്ടുകിളിക്കൂട്ടത്തെ കണ്ടെത്തി നശിപ്പിച്ചിരുന്നു. കരിക്കുഴി കരിംകൊഴുപ്പിൽ ജഗദീഷിന്റെ കൃഷിയിടത്തിലെ പുൽക്കൃഷിയിലാണ് ഇവയെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അസി.
കൃഷി ഓഫിസർ പി.ഐ.നജീബ് ഖാൻ സ്ഥലത്തെത്തി പരിശോധന നടത്തി. ശാന്തമ്പാറ കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട് ചെങ്കരയിൽ കണ്ടെത്തിയ കോഫിലോക്കസ് എന്ന പേരിൽ അറിയപ്പെടുന്നയിനം തന്നെയാണ് ഇവിടെയുമുള്ളതെന്നു സ്ഥിരീകരിച്ചു. തുടർന്ന് കീടനാശിനി തളിച്ച് ഇവയെ നശിപ്പിച്ചു. ഇത്തരം വെട്ടുകിളികളെ കണ്ടെത്തിയാൽ കൃഷിഭവനിൽ വിവരം അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.