മൂന്ന് വർഷത്തിനുശേഷം മ്ലാമല-തേങ്ങാക്കൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചു


വണ്ടിപ്പെരിയാർ : നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമം ഫലം കണ്ടു. വണ്ടിപ്പെരിയാർ-മ്ലാമല-തേങ്ങാക്കൽ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് വീണ്ടും ആരംഭിച്ചു. മൂന്ന് വർഷത്തിന് ശേഷം ബസ് സർവീസ് ആരംഭിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി.
2018-ലെ പ്രളയത്തിൽ മ്ലാമലയിലെ നൂറടി പാലം തകർന്ന് ഒലിച്ചുപോയതോടെ തേങ്ങാക്കൽ ഉൾപ്പെടെയുള്ള പ്രദേശം ഒറ്റപ്പെട്ടുപോയി. തുടർന്ന് നാട്ടുകാരുടെ പരാതികൾക്കൊടുവിൽ വണ്ടിപ്പെരിയാറുമായി ബന്ധിപ്പിക്കുന്നതിന് പഞ്ചായത്ത് അടിയന്തരമായി 20 ലക്ഷം രൂപ താത്കാലിക പാലം നിർമിക്കാൻ അനുവദിച്ചു.
പാലത്തിന്റെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയപ്പോൾ ഉടൻ ഇതുവഴി കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിച്ച നാട്ടുകാർക്ക് തിരിച്ചടിയായി കെ.എസ്.ആർ.ടി.സി.ക്ക് പാലത്തിലൂടെ സുഗമമായി കടന്നുപോകാൻ കഴിയാത്ത തരത്തിൽ വെയ്റ്റിങ് ഷെഡും അതുപോലെതന്നെ എസ്റ്റേറ്റിന്റെ കല്ല്‌കെട്ടും വിലങ്ങുതടിയായി.
തുടർന്ന് കെ.എസ്.ആർ.ടി.സി. അധികൃതർക്ക് സർവീസ് നടത്തുന്നതിനുള്ള സൗകര്യമുറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ കുമളി ഡിപ്പോയിൽനിന്ന് കെ.എസ്.ആർ.ടി.സി. അനുവദിച്ചു. ഇതേത്തുടർന്ന് വെയ്റ്റിങ് ഷെഡും എസ്റ്റേറ്റ് വക കല്ല്‌കെട്ടും പൊളിച്ചുനീക്കി.
ചൊവ്വാഴ്ച രാവിലെമുതൽ കെ.എസ്.ആർ.ടി.സി. സർവീസ് പുനരാരംഭിച്ചു. സർവീസിനുള്ള സ്വീകരണ പരിപാടി അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.നൗഷാദ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല കുളത്തിങ്കൽ, പഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.