ഇടുക്കി വന്യജീവി സങ്കേതത്തിൽ ജീവിജാല സർവ്വെ ആരംഭിച്ചു


ഇടുക്കി വന്യജീവിസങ്കേതത്തിൽ പക്ഷികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, ഉറുമ്പുകൾ എന്നിവയെ കുറിച്ച് നടത്തുന്ന മൂന്ന് ദിവസത്തെ സർവ്വെയ്ക്ക് തുടക്കമായി.
വെളളാപ്പാറയിലുളള നിശാഗന്ധി ഫോറസ്റ്റ് മിനി ഡോർമിറ്ററിയിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ സർവ്വെ ഉദ്ഘാടനം ചെയ്തു.
കേരള വനം-വന്യജീവി വകുപ്പും, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് സർവ്വെ നടത്തുന്നത്.
ഇടുക്കി വന്യജീവി സങ്കേതത്തിലെ വന്യജീവികളുടെയും, ചിത്രശലഭങ്ങൾ ഉൾപ്പെടെയുള്ള ചെറുജീവികളെയും കുറിച്ചുളള പഠനം നടത്തുന്നത് വഴി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആവാസ വ്യവസ്ഥയുടെ തകർച്ച മനസ്സിലാക്കുവാനും അതിനുള്ള പ്രതിവിധികൾ കണ്ടെത്തി നടപ്പിലാക്കുകയുമാണ് സർവ്വെയുടെ ലക്ഷ്യം. ഇടുക്കി വന്യജീവി സങ്കേതത്തിലെ ചെമ്പകശ്ശേരി, വൈരമണി, വാകവനം, കിഴുകാനം,കെട്ടുചിറ, കൊന്നകഴി, മേമാരി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സർവ്വെ.
ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഫൗണ്ടർ മെമ്പറും റിസേർച്ച് അസിസ്റ്റന്റുമായ ഡോ. കലേഷ് സദാശിവൻ, ഇടുക്കി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബി. പ്രസാദ്‌കുമാർ എന്നിവർ സർവ്വെയ്ക്ക് നേതൃത്വം നൽകും.
വനംവകുപ്പ് ജീവനക്കാരും ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ അംഗങ്ങളും ഉൾപ്പെടെ എഴുപതോളം ആളുകൾ സർവ്വെയിൽ പങ്കെടുക്കും.