മകരവിളക്ക് ദര്‍ശനം: കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതായി ദേവസ്വം ബോര്‍ഡ്
സുഗമമായ മകരവിളക്ക് ദര്‍ശനത്തിന് കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കുക നിലയ്ക്കലിലാണ്. വെര്‍ച്വല്‍ , സ്‌പോട്ട് ബുക്കിംഗ് നടത്താത്ത തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
സ്‌പോട്ട് ബുക്കിംഗുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്നത്. പമ്പയില്‍ സ്ഥാപിച്ചിരിക്കുന്ന തത്സമയ ബുക്കിംഗ് സെന്ററിലേക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത രീതിയില്‍ സ്‌പോട്ട് ബുക്കിംഗ് പ്രവാഹമാണ്. ഇവിടെയുള്ള തത്സമയ ബുക്കിംഗ് സെന്റര്‍ നാളെ മുതല്‍ നിലയ്ക്കലിലേക്ക് മാറ്റുകയാണ്. നാളെ മുതല്‍ തിങ്കളാഴ്ച വരെ സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്കും മകരവിളക്ക് ദിനമായ ചൊവ്വാഴ്ച 1000 പേര്‍ക്കുമായിരിക്കും സ്‌പോട് ബുക്കിംഗ് – അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച മുതല്‍ കാനനപാത വഴി തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല. ഇത് ഭക്തജനങ്ങളുടെ സുരക്ഷയെ കരുതി മാത്രമാണ്. ഞായറാഴ്ച മുതല്‍ പമ്പയിലെ പാര്‍ക്കിംഗ് ഒഴിവാക്കാന്‍ ആലോചിക്കുന്നതായും പി എസ് പ്രശാന്ത് പറഞ്ഞു.