അപ്രീലിയയുടെ ട്യൂണോ 457 എത്തുന്നൂ; മഹാരാഷ്ട്രയിൽ നിർമാണം, അടുത്ത മാസം അവതരണം
ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ അപ്രീലിയയുടെ ട്യൂണോ 457 ഇന്ത്യൻ വിപണിയിലേക്ക്. അപ്രീലിയ ഇന്ത്യ വെബ്സൈറ്റിൽ പേര് ചേർത്തു. അടുത്തമാസം ഇന്ത്യൻ വിപണിയിൽ നാക്ഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായ ട്യൂണോ 457 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള അത്യാധുനിക കേന്ദ്രത്തിലാണ് നിർമാണം നടക്കുക.
ട്യൂണോ 1100, ട്യൂണോ 660 എന്നീ മോഡലുകൾ നിലവിൽ ഇന്ത്യൻ വിപണിയിലുണ്ട്. അപ്രീലിയ RS 457-ൻ്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ട്യൂണോ 457. ബൈക്കിന് 457-ന് 457cc, ലിക്വിഡ്-കൂൾഡ്, പാരലൽ ട്വിൻ എഞ്ചിൻ ഉണ്ട്. 6-സ്പീഡ് ഗിയർബോക്‌സ് ഉണ്ട്, അതിൽ സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചും തടസ്സമില്ലാത്ത ഗിയർ ഷിഫ്റ്റുകൾക്കായി ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററും ഉൾപ്പെടുന്നു. വാഹനത്തിന്റെ ഒനൗദ്യോഗിക ബുക്കിങ് ഡീലർഷിപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്.
പിരാന റെഡ്, പ്യൂമ ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ വാഹനം ലഭിക്കും. സ്പോർടിയായ ഹെഡ് ലാമ്പും ഡി.ആർ.എല്ലും, ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ, ടി.എഫ്.ടി കൺസോൾ, ബ്ലൂടുത്ത് കണക്ടിവിറ്റി, എ.ബി.എസ്, 17 ഇഞ്ച് അലോയ് വീലുകൾ ബൈക്കിന്റെ പ്രത്യേകതകളാണ്. അപ്രീലിയ ട്രാക്ഷൻ കൺട്രോൾ (ATC), റൈഡ്-ബൈ-വയർ, മൂന്ന് റൈഡിംഗ് മോഡുകൾ, ഇക്കോ, സ്‌പോർട്ട് ആൻഡ് റെയിൻ, 5-ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് എന്നീ മൂന്ന് ലെവലുകൾ ഉൾപ്പെടുന്ന അപ്രീലിയ RS 457-ൻ്റെ അതേ ഫീച്ചറുകളും ഇലക്ട്രോണിക്‌സ് പാക്കേജും അപ്രീലിയ ട്യൂണോയിൽ സജ്ജീകരിച്ചിരിക്കുന്നു.
ഇരട്ട-സ്പാർ അലുമിനിയം ഫ്രെയിം, 41 എംഎം ഇൻവേർട്ടഡ് ഫോർക്ക് മുന്നിൽ 120 എംഎം വീൽ ട്രാവൽ, 130 എംഎം വീൽ ട്രാവൽ ഉള്ള പ്രീ-ലോഡ് അഡ്ജസ്റ്റബിൾ റിയർ മോണോഷോക്ക് എന്നിവ ബൈക്കിൻ്റെ സവിശേഷതകളാണ്. മൂന്നാം തലമുറ കെടിഎം ഡ്യൂക്ക് 390 അപ്രീലിയ ട്യൂണോ 457-ൻ്റെ ഏറ്റവും വലിയ എതിരാളികളിൽ ഒന്നായിരിക്കും. 3.9 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.