മിന്നൽ മുരളി സിനിമയിലെ വില്ലൻ കഥാപാത്രത്തെപ്പോലെയാണ് സി എച്ച് ആർ വിഷയത്തിൽ ഇടതു സർക്കാരെന്ന് എംപി ഡീൻ കുര്യാക്കോസ്
മിന്നൽ മുരളി സിനിമയിലെ വില്ലൻ കഥാപാത്രത്തെപ്പോലെയാണ് സി എച്ച് ആർ വിഷയത്തിൽ ഇടതു സർക്കാരെന്ന് എംപി ഡീൻ കുര്യാക്കോസ്. ഇടതുപക്ഷ ഗവൺമെന്റ് ഇടുക്കി ജില്ലയ്ക്ക് തീ കൊടുത്തു, എന്നിട്ടാണ് ഇപ്പോൾ നാടുമുഴുവൻ സമരവുമായി നടക്കുന്നത്. നമ്മൾ നേടിയ അവകാശങ്ങൾ എല്ലാം നശിപ്പിക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സംഘടിപ്പിച്ച വിചാരണ സദസ്സ് കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ ഭൂനിയമങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് വിചാരണ സദസ് സംഘടിപ്പിച്ചത്.
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിക്ഷേധ പരിപാടിയുടെ ആദ്യ സദസാണ് കട്ടപ്പനയിൽ നടന്നത്.
മിന്നൽ മുരളിയിൽ കട സ്വയം കത്തിച്ചശേഷം കടക്ക് തീപിടിച്ചു എന്ന് നാട്ടുകാരോട് വിളിച്ചുപറയുന്ന വില്ലൻ കഥാപാത്രത്തെ പോലെ സി എച്ച് ആർ വിഷയത്തിൽ ജില്ലയ്ക്ക് തീ കൊടുത്ത ശേഷം സമരവുമായി നാടുനീളം നടക്കുകയാണ് ഇടതുപക്ഷം. സി എച്ച് ആർ വിഷയത്തിൽ ഇടതുപക്ഷം ചെയ്ത തെറ്റ് മറച്ചുവെക്കാൻ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുകയാണ് അവർ ചെയ്യുന്നത്. ഒക്ടോബർ മാസം നാലാം തീയതി സുപ്രീംകോടതിയിൽ നിന്നും ജില്ലയ്ക്ക് എതിരായി വിധിയുണ്ടാകുമ്പോൾ സർക്കാർ അഭിഭാഷകർ സുപ്രീംകോടതിയിൽ എന്ത് ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കണമെന്നും ഡീൻ കുര്യാക്കോസ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
2018 സെപ്റ്റംബര്‍ ആറിന് പുറത്തിറക്കിയ വനം വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും 2022 മെയ് 22ലെ സര്‍ക്കാര്‍ ഉത്തരവിലും 2024 ജൂണ്‍ 12ന് നിയമസഭയിലെ ചോദ്യത്തിന്റെ മറുപടിയിലും സിഎച്ച്ആര്‍ വനഭൂമിയാണെന്ന് അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഈകേസിലെ ഒന്നാംപ്രതിയും തീരുമാനത്തെ പിന്തുണച്ച എം എം മണിയും റോഷി അഗസ്റ്റിനും രണ്ടും മൂന്നും പ്രതികളുമാണെന്നും നേതാക്കള്‍ പറഞ്ഞു.
വിചാരണ സദസ്സിന് മുന്നോടിയായി കട്ടപ്പന ടൗണിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രകടനം നടന്നു.
പരിപാടിയിൽ എം കെ പുരുഷോത്തമൻ യൂ ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ ഇ എം അഗസ്തി, ജോയി വെട്ടിക്കുഴി, എം ജെ ജേക്കബ്, കെ എം എ ഷുക്കൂർ, എസ്. അശോകൻ, തോമസ് രാജൻ, റോയി കെ പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാർ, എം. ഡി. അർജുനൻ, അഡ്വ. കെ ജെ, ബെന്നി, ഫിലിപ്പ് മലയറ്റ്, തോമസ് മൈക്കിൾ, അനീഷ് ജോർജ്, അനീഷ് ചേനക്കര, ബീനാ ടോമി, ജോസ്മി ജോർജ്,ജോയ് കൊച്ചുകരോട്ട് തുടങ്ങിയവർ പങ്കെടുത്തു.