വികസന സ്വപ്നങ്ങൾക്ക് പുത്തൻ ചിറക്; സീപ്ലെയിൻ മാട്ടുപ്പെട്ടിയിലേക്ക് പറന്നു
ടൂറിസം മാപ്പിൽ പുതു ചരിത്രം കുറിച്ച് സീപ്ലെയിൻ. ആദ്യ ‘പറക്കൽ’ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പത്ത് മിനിറ്റ് നേരം ബോൾഗാട്ടി മറീനയിൽ മന്ത്രിമാരുമായി ആകാശത്ത് പറന്ന സീപ്ലെയിൻ ശേഷം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് തിരിച്ചു. മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാവും സീപ്ലെയ്ൻ സ്വീകരിക്കുക.
ഡി ഹാവ് ലാൻഡ് കാനഡ കമ്പനിയുടെ സീപ്ലെയിനിൽ ഒരേസമയം 17 പേർക്ക് യാത്രചെയ്യാം. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീപ്ലെയിൻ. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി.സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ സന്ദർശിക്കാമെന്ന സാധ്യത വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ പദ്ധതി. വിജയവാഡയിൽ നിന്നാണ് സീപ്ലെയ്ൻ കേരളത്തിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയ്ൻ കൊച്ചിയിൽ എത്തിയിരുന്നു.